സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് സൂചന. കേന്ദ്രനിർദേശം അനുസരിച്ച് അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കും. ഇതോടെ നിലവിലുള്ള ഡിഎല്‍എഡ്, ബിഎഡ് കോഴ്‌സുകള്‍ ഒഴിവാക്കും. അദ്ധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തില്‍ പ്രത്യേകം അഭിരുചി പരീക്ഷയും ഏര്‍പ്പെടുത്തും. ഇങ്ങനെ ചെയ്യുന്നതോടെ
അദ്ധ്യാപകവൃത്തിയില്‍ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാൻ സാധിക്കും. അദ്ധ്യാപക വിദ്യാഭ്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് എസ്സിഇആര്‍ടി ഉടൻ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇപ്പോഴുള്ള ഡി.എൽ.എഡ്., ബി.എഡ്. കോഴ്‌സുകൾ ഒഴിവാക്കി അദ്ധ്യാപകബിരുദം നാലുവര്‍ഷ കോഴ്സാക്കി സംയോജിത അദ്ധ്യാപക വിദ്യാഭ്യാസപരിപാടി നടപ്പാക്കാനാണ് കേന്ദ്രനിര്‍ദ്ദേശം. സ്‌കൂള്‍ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാൽ കേന്ദ്രത്തിന്റെ ഈ ഘടന കേരളം സ്വീകരിച്ചിട്ടില്ല. അതിനാൽ, പ്രീ-സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്‌സുകളാവും നടപ്പാക്കുക. ഇതോടൊപ്പം പ്രത്യേക അഭിരുചിപ്പരീക്ഷ നടത്തി കോഴ്‌സുകളിൽ പ്രവേശനംനടത്തും.
ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാലുഘട്ടങ്ങൾക്കും വെവ്വേറെ കോഴ്‌സുകൾ.
എട്ടുസെമസ്റ്റർ ഉൾപ്പെട്ട നാലു വർഷബിരുദം. ഒരു സെമസ്റ്ററിൽ കുറഞ്ഞത് 96 പ്രവൃത്തിദിനങ്ങൾ. 160 ക്രെഡിറ്റ്.
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ഡിഎല്‍എഡ്, ബിഎഡ കോഴ്‌സുകള്‍ ഇല്ലാതാകും. സര്‍ക്കാരിന്റെ നാലെണ്ണമടക്കം 187 ബിഎഡ് സ്ഥാപനങ്ങളും 202 ഡിഎല്‍എഡ് കേന്ദ്രങ്ങളുമാണ് അടച്ചുപൂട്ടുക. ബിഎഡ് പഠനത്തിന് മാത്രമായി സ്ഥാപനങ്ങള്‍ പാടില്ലെന്നും എന്നാല്‍ ബഹുതല വിഷയങ്ങള്‍ പഠിപ്പിക്കുന്ന കേന്ദ്രമായി മാറ്റാനാണ് നിര്‍ദ്ദേശം. ബിഎഡ് കേന്ദ്രങ്ങള്‍ മറ്റ് കോളേജുകളുമായി ലയിപ്പിക്കും. അല്ലാത്തവ പൂട്ടേണ്ടി വരും