സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ പുതുക്കിയ സമയക്രമം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി

July 25, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ പുതുക്കിയ സമയക്രമം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ജൂലെെ 28നും ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും.

പ്ലസ് വൺ അപേക്ഷ തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി അപേക്ഷ തിയതി ഇന്ന് വരെ നീട്ടി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണമായത്.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ 18 നായിരുന്നു.

സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് വൈകിട്ട് 5 മണിവരെ സമയം നീട്ടി നൽകിയത്. ഇത്തവണ പ്ലസ് വണ്ണിന് അഞ്ച് ലക്ഷത്തിനടുത്ത് അപേക്ഷകൾ ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.

Category: News