സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച മുതൽ സജീവമാകും. 42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക
കോവിഡ് ഘട്ടം പിന്നിട്ട് സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച മുതൽ സജീവമാകും. 42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക.
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിനു രാവിലെ 9.30-ന് കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
എല്ലാ സ്കൂളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ 27-നകം പൂർത്തിയാക്കും. കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി വരുന്നു.
ക്ലാസ് തുടങ്ങുംമുമ്പുതന്നെ യൂണിഫോം വിതരണം പൂർത്തിയാക്കും. മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്.ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ മലയാളം അക്ഷരമാല അച്ചടിക്കുമെന്ന് മന്ത്രി. പുസ്തകത്തിൽത്തന്നെയാകും അച്ചടിക്കുക.
സ്കൂൾ തുറക്കുമ്പോൾ നൽകേണ്ട ഒന്നാംഭാഗത്തിന്റെ അച്ചടി പൂർത്തിയായതിനാലാണ് അടുത്തഭാഗത്തിൽ അച്ചടിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.