സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

June 22, 2023 - By School Pathram Academy

വിഷയം: പൊതുവിദ്യാഭ്യാസം – 2023-24 – സ്കൂളുകളിൽ പകർച്ചവ്യാധി, പനി തുടങ്ങിയ കാര്യങ്ങളിൽ പാലിക്കേണ്ട  ജാഗ്രത നിർദ്ദേശങ്ങൾ സംബന്ധിച്ച്

സൂചന

 20/06/ 2023 ൽ ബഹു ആരോഗ്യവും വനിത ശിശുവികസനവും വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, തദ്ദേശ സ്വയംരണ വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം

 

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

 

1. ഇൻഫ്ലുവൻസ, ഡെങ്കു ഫിവർ , എലിപ്പനി എന്നിവയാണ് ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നത്. സ്കൂളിൽ ഇതിനുവേണ്ട ഫലപ്രദമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ് .

 

2.പനി തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്തുള്ള ഡോക്ടറെ കാണിക്കേണ്ടതാണ്.

 

3. സ്കൂളിലും പരിസരങ്ങളിലും നല്ല ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇതിനായി പി.ഡബ്ല്യു.ഡി. എൽ.എസ്.ജി.ഡി, സന്നദ്ധസേന എന്നിവരുടെ സേവനം ആവശ്യപ്പെടാവുന്നതാണ്.

 

4. കുട്ടികൾക്ക് പനിയുണ്ടെങ്കിൽ 3 മുതൽ 5 ദിവസം സ്കൂളിൽ അയയ്ക്കരുത് എന്നും, നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷിതാക്കളെ അറിയിക്കണം. രോഗവിവരം സ്കൂളിൽ നിന്നും അന്വേഷിക്കണം. സാധാരണമായി എന്തെങ്കിലും അസുഖങ്ങൾ കണ്ടാൽ ഉടൻ പഞ്ചായത്ത്/മുനിസിപ്പാലിറ്റി, കാർപറേഷൻ പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്. പകർച്ചവ്യാധി ബാധിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ക്ലാസ് ടീച്ചർ ശേഖരിച്ച് സമ്പൂർണ്ണ  ലോഗിനിൽ കുട്ടികളുടെ  ആരോഗ്യസ്ഥിതി എന്ന ബട്ടൺ ക്ലിക് ചെയ്ത് വിവരങ്ങൾ നൽകേണ്ടതാണ്. കൂടാതെ ഓരോ ദിവസവും രാഗലക്ഷണങ്ങളുള്ള കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ രേഖപ്പെടുത്തേണ്ടതാണ്.

 

5. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രഥമാദ്ധ്യാപകരെ അറിയിക്കുകയും അവർ ആരോഗ്യ   കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിക്കുകയും ചെയ്യണം. പകർച്ചവ്യാധി വ്യാപകമാകുന്ന സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ അദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.

6. ഇൻഫ്ളുവൻസയുടെ ചെറിയ ലക്ഷണങ്ങളോടു കൂടി ആണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.

7. ചുമ  തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതൽ എന്ന നിലയിൽ മാസ്ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.

8. സ്കൂൾ കോമ്പൗണ്ടിൽ മണ്ണ്, ചെളി, ഓട എന്നിവിടങ്ങളിൽ പണി എടുക്കുന്നവരും മറ്റ ക്ലീനിംഗ് ജോലികളിൽ ഏർപ്പെടുന്നവരും ഗ്ലൗസ് ധരിക്കേണ്ടതാണ്. ഇത്തരം ജോലികൾക്ക് ശേഷം സോപ്പ് ഉപയോഗിച്ച് കൈ, കാൽ കഴുകുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

 

9.വിദ്യാലയങ്ങളുടെ പരിസരത്ത് കൊതുകിന്റെ ഉറവിടങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. ഇതിനായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കണം. ഓരോ കുട്ടിയും അവരുടെ വീട്ടിൽ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കോമ്പൗണിൽ കൊതുക് മുട്ടയിട്ടു വളരുവാൻ ഇടയുള്ള സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കേണ്ടതാണ്.

 

10. വിദ്യാലയങ്ങളിലെ കുടിവെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. എല്ലാ വിദ്യാലയങ്ങളിലും (തിളപ്പിച്ചാറിയത്)സുരക്ഷിതമായ കുടിവെള്ളം ആണ് കുട്ടികൾക്ക് കിട്ടുന്നതെന്ന് ഉറപ്പ് വരുത്തണം. കുടിവെള്ള ടാങ്കുകൾ കഴുകി വൃത്തിയാക്കി എന്ന് ഉറപ്പാക്കണം. ഡെങ്കു പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകൾ ശുദ്ധജലത്തിലും മുട്ടയിട്ടു പെരുകുന്നതിനാൽ കുട്ടികളുടെ വീടുകളിലും സ്കൂളിലെ വിവിധ ഇടങ്ങളിലും അതിനുള്ള സാഹചര്യം ഇല്ലാതാക്കുവാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകേണ്ടതാണ്. 

11. സ്കൂളുകളിലെ അടുക്കള, സ്റ്റോർ, എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.  പാചകം ചെയ്യുന്ന ആളുകൾക്ക് ആരോഗ്യ പരിശോധന നടത്തി രോഗങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം. കിളികളും വവ്വാലുകളും കഴിച്ച പഴങ്ങളുടെ ബാക്കി കുട്ടികൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

 

12. പകർച്ച വ്യാധികൾ തടയുന്നതിനും വിവിധ തരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും ഊന്നൽ നൽകിയുള്ള ഒരു സ്പെഷ്യൽ ആരോഗ്യ അസംബ്ലി ജൂൺ 23 ന് തന്നെ സ്കൂളിൽ ചേരുകയും മതിയായ അവബോധം വിദ്യാർത്ഥികളിൽ ഉളവാക്കേണ്ടതുമാണ് അന്നെ ദിവസം ഉച്ചയ്ക്ക് 12.00 മണി മുതൽ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വ്യക്തി ശുചിത്വത്തിലും, പരിസര ശുചിത്വത്തിലും, ആരോഗ്യ അവബോധത്തിലും മാതൃകകളാകുന്ന കുട്ടികളെയും അധ്യാപകരെയും സ്കൂൾ അസംബ്ലികളിൽ അഭിനന്ദിക്കാവുന്നതാണ്. ഇതുവഴി മറ്റുവർക്ക് പ്രചോദനം നൽകുവാനും സാധിക്കും. ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകേണ്ടത് സന്ദേശതൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ ഈസർക്കുലറിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.

 

13. എല്ലാ സ്കൂളിലും ഒരു അദ്ധ്യാപിക അദ്ധ്യാപകൻ പകർച്ചവ്യാധി സംബന്ധമായ ഒരു നോഡൽ ഓഫീസറായി പ്രവർത്തിക്കേണ്ടതാണ്. ഡെങ്കുപ്പനി, എലിപ്പനി എന്നിവ കൂടുന്ന സാഹചര്യത്തിൽ ശരിയായ ചികിത്സ തക്കതായ സമയത്ത് നൽകേണ്ടത് അത്യാവശ്യമാണ്. ആയതിനാൽ പി.റ്റി.എ യുടെ ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുകയാണെങ്കിൽ വളരെ പെട്ടെന്ന് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയും.

 

14. തദ്ദേശ സ്വയംഭരണ തലത്തിൽ ഇത് സംബന്ധിച്ച് യോഗങ്ങൾ നടക്കുമ്പോൾ നോഡൽ ഓഫീസർ അത്തരം യോഗങ്ങളിൽ പങ്കടുത്ത് സ്കൂൾ തലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടതാണ്.

 

15. ഉപജില്ലാ തലത്തിൽ അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും വിദ്യാഭ്യാസ ജില്ലാതലത്തിൽ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരും നോഡൽ ഓഫീസർമാരായിരിക്കും.

 

16. ജില്ലാ തലത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേത്യത്വത്തിൽ ആർ.ഡി.ഡി. എ.ഡി എന്നിവരും ഡയറ്റ് പ്രിൻസിപ്പൽ, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എന്നിവർ ചേർന്ന് ഒരു സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. ഈ കമ്മിറ്റി വിവിധ വകുപ്പുകളുടെ ഏകോപനം   സംബന്ധിച്ച് മതിയായ തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കേ ണ്ടതാണ്.

17. പകർച്ചവ്യാധി പിടിപെടുന്ന കുട്ടികൾ, ജീവനക്കാർ അദ്ധ്യാപകർ എന്നിവരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഓരോ സ്കൂളിലും ഒരു ഡാറ്റാ ബുക്ക് എർപ്പെടുത്തണ്ടതാണ്.

 

18. മഴക്കാലം കഴിയുന്നതു വരെ സ്കൂൾ കാമ്പസ് നിരന്തരമായി ശുചീകരണം നടത്തുന്നുണ്ട്. എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

 

19. വലിയ തോതിൽ കേസുകൾ ഉണ്ടാകുന്ന സ്കൂളുകളിൽ വിദഗ്ധരുടെ സേവനം ആവശ്യപ്പെടേണ്ടതും മതിയായ ദുരീകരണ പ്രവർത്തനപദ്ധതികൾ രൂപപ്പെടുത്തേണ്ടതുമാണ്.

20 പഞ്ചായത്തുതല തദ്ദേശ സ്വയംഭരണ സന്നദ്ധ സേനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്

 

21. ഒരു ക്ലാസിൽ 5 കുട്ടികളിൽ കൂടുതൽ പേർക്ക് അസുഖം വരികയാണെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്.

 

22.  ഡ്രൈഡേ ആചരിക്കുന്നതിനും, ശുചീകരണ സംബന്ധമായ കാര്യങ്ങളിൽ പങ്കാളിത്തത്തിനും എസ്.പി.സി, എൻ.സി.സി. എൻ.എസ്.എസ്. സോഷ്യൽ സർവ്വീസ് സ്കീം, സ്കൗട്ട് ഗൈഡ്, ജെ.ആർ.സി തുടങ്ങിയ ഏജൻസികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.

ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന പകർച്ചവ്യാധി സംബന്ധമായ മാർഗ്ഗരേഖകൾ പ്രകാര കാര്യങ്ങൾ പ്രാവർത്തിക്കുന്നതിന് പ്രത്യേകമായി ശ്രദ്ധിക്കുന്നതാണ്.

 

24. ജൂൺ 24 ന്,  എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ

  • അനുബന്ധം

 

  • ആരോഗ്യ അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്തുന്നത്

 

• മഴക്കാലത്ത് കൊതുക് ജന്യരോഗങ്ങളായ ഡെങ്കി, സീക്ക എന്നിവയും ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്.

 

ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം.

• പനിയുണ്ടെങ്കിൽ  മാതാപിതാക്ക ളേയോ രക്ഷിതാക്കളെയോ അധ്യാപകരെയോ അറിയിക്കണം

• പനി ചിക്തിസിക്കണം, ഡോക്ടറുടെ അടുത്ത് പോയി ചികിത്സിക്കണം.

• തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.

• കെട്ടിക്കിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്.

• കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടി കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്.

• ഇൻഫ്ളുവൻസ് രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നതാണ് നല്ലത്.

കൊതുക് മുട്ടയിട്ട് കൂത്താടി വരുന്നത് കെട്ടികിടക്കുന്ന വെള്ളത്തിലായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

• ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.

• കൊതുകുകളുടെ ഉറവിടങ്ങളായ കെട്ടികിടക്കുന്ന വെള്ളം സ്കൂളുകളിൽ ഉണ്ടെങ്കിൽ. അധ്യാപകരെയും, വീട്ടിലാണെങ്കിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കണം.

• പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതിൽ മാതാപിതാക്കൾ ആവശ്യപ്പെടുന്ന ചെറിയ സഹായങ്ങൾ അവരുടെ സാമിപ്യത്തിലും നിരീക്ഷണത്തിലും ചെയ്യുന്നത് നല്ലതാണ്.

• വീടുകളിലെ ചെടികൾക്കിടയിലെ ടേ, ഫ്രിഡ്ജിനടിയിലെ ട്രേ, എന്നിവിടങ്ങളിൽ കൊതുകുകളുടെ കൂത്താടികൾ വളരും, മാതാപിതാക്കളെ അറിയിച്ച് അവ ഒഴിവാക്കേണ്ടതാണ്.

 •കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത്.

 • വൃത്തിയായി കഴുകിയ ശേഷം മാത്രമേ പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളു.

• കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കാൻ മടിക്കരുത്.

• പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം.