സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും; ക്ലാസുകൾ ഉച്ചവരെ; 21 മുതല്‍ ക്ലാസ് സാധാരണനിലയിലേക്ക് ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ

February 14, 2022 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നു. ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ക്ക് രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.

 

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും. പ്രീ- പ്രൈമറികൾ, അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍.