സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് 2022 മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

February 28, 2022 - By School Pathram Academy

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് 2022 മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു.

————————

ജി .എസ് .ടി. എൻ ഇൽ നിന്ന് ഡാറ്റ സ്വീകരിക്കാൻ നിലവിൽ കേരളം എൻ .ഐ .സി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്റ്റ്‌വെയർ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നാണ് ജി .എസ് .ടി. എൻ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്.

ജി.എസ്.ടി നികുതി സംവിധാനം പൂർണ്ണമായും വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണ് പ്രവർത്തിക്കുന്നത്. നികുതിദായകരുടെ രജിസ്ട്രേഷൻ, റിട്ടേണുകൾ , റീഫണ്ടുകൾ എന്നീ നികുതി സേവനങ്ങൾ ജി .എസ് .ടി .എൻ. കമ്പ്യൂട്ടർ ശൃംഖല വഴിയാണ് നടക്കുന്നത്.

2017 ലാണ് കേന്ദ്ര –സംസ്ഥാന സർക്കാരുകൾ ഓഹരി ഉടമകളായ ജി.എസ്.ടി.എൻ. എന്ന ഐ.ടി സംവിധാനം നിലവിൽ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ രജിസ്ട്രേഷൻ നൽകൽ, റീഫണ്ട് അനുവദിക്കൽ, അസ്സെസ്സ്മെന്റ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി .എസ് .ടി. എൻ വഴിയാണ്.

ജി.എസ്.ടി നികുതി സമ്പ്രദായത്തിലെ പോരായ്മകൾ പരിഹരിക്കാൻ നിയമങ്ങളിലും, ചട്ടങ്ങളിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലും വലിയ മാറ്റങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ജി.എസ്.ടി.എൻ തയ്യാറാക്കിയ ബാക്ക് ഓഫീസ് സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഉചിതം എന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാത്തിലാണ് കേരളം നിലവിലെ ബാക്ക് ഓഫിസ് സംവിധാനത്തിൽ നിന്ന് ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്.

സംസ്ഥാന തലത്തിൽ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജി.എസ്.ടി നിയമത്തിൽ വരുന്ന മാറ്റങ്ങൾ സമയ നഷ്ടം കൂടാതെ തന്നെ ഓഫീസർമാർക്ക് ലഭ്യമാകും. ഇന്ത്യയിൽ രണ്ടോ, മൂന്നോ സംസ്ഥാനങ്ങൾ ഒഴികെ മുഴുവൻ സംസ്ഥാനങ്ങളും നിലവിൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

ഓഫീസർമാരരുടെ മേൽനോട്ടത്തിനായി വിപുലമായ എം.ഐ.എസ് സംവിധാനം, ബിസിനസ് ഇന്റെലിജെന്സ് ആൻഡ് ഫ്രോഡ് അനലിറ്റിക്സ് (ബീഫ) പോലുള്ള അഖിലേന്ത്യ അനാലിറ്റിക് സംവിധാനം എന്നിവയും ജി.എസ്.ടി.എൻ ലേക്ക് മാറുന്നത് വഴി സംസ്ഥാനത്തിന് ലഭ്യമാകും.

സംസ്ഥാനത്തിന്റെ തനതായ ആവശ്യങ്ങൾക്കായി മുഴുവൻ ജി.എസ്.ടി ഡാറ്റയും ട്രാൻസ്ഫർ ചെയ്ത് നൽകുകയും ചെയ്യും. ഇതിനാൽ സംസ്ഥാനം നേരിട്ട് നടത്തുന്ന ഡാറ്റ അനലിറ്റിക്സ് പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയില്ല. ഇത് നികുതി ഭരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതോടൊപ്പം നികുതി വർദ്ധനവ്, നികുതിദായകർക്ക് തടസ്സമില്ലാത്ത സേവനം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

Category: News