സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കൊല്ലം ഒരുങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ നടക്കും. കൊല്ലത്ത് നടക്കുന്ന കലോത്സവം ജനുവരി നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാര്‍ മമ്മൂട്ടി സമ്മാനദാനം നിര്‍വ്വഹിക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കൊല്ലം ഒരുങ്ങി. കൊല്ലത്ത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. അടുത്ത തവണ കലോത്സവ മാനുവല്‍ പരിഷ്‌ക്കരിക്കും. കലോത്സവത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് പതാക ഉയര്‍ത്തും. കാസര്‍കോട് നിന്നുള്ള ഗോത്രവിഭാഗക്കാരുടെ ദൃശ്യവിസ്മയവും, ആശാ ശരത്തിന്റെ നൃത്താവിഷ്‌കാരവും കലോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
പഴയിടം മോഹനന്‍ നമ്പൂതിരിയ്ക്കാണ് ഭക്ഷണത്തിന്റെ ചുമതല. ഗോത്രകലാരൂപങ്ങള്‍ കലോത്സവത്തില്‍ മത്സര ഇനങ്ങളായി ഉള്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ പറഞ്ഞു. ഇതാദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സിന്റെ 1 കോടി രൂപയുടെ പരിരക്ഷ ലഭിക്കും. 24 വേദികളിലും മെഡിക്കല്‍ ടീമും കൗണ്‍സിലിംങ് സൗകര്യവും ഏര്‍പ്പെടുത്തി. സുരക്ഷാ സംവിധാനത്തിന് സിസിടിവി സ്ഥാപിച്ച് നിരീക്ഷിക്കും. 117.50 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണകപ്പ് ഘോഷയാത്ര ജനുവരി മൂന്നിന് കോഴിക്കോട് നിന്ന് ആരംഭിച്ച് ജനുവരി നാലിന് കൊല്ലത്ത് കുളക്കടയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഏറ്റുവാങ്ങും. കലോത്സവത്തെ ഹരിത കലോത്സവമായി പ്രഖ്യാപിച്ചു.