സബ് ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന മൽസരം അപ്പീൽ നിരസിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ അച്ചടക്ക നടപടി തുടരും
തിരുവനന്തപുരം പട്ടം ഗവ:മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കുമാരി അഞ്ജുമ നസീബും മറ്റ് 9 വിദ്യാർത്ഥിനികളും 2022-23 തിരുവനന്തപുരം നോർത്ത് സബ് ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനയിൽ മത്സരിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിലെ സ്റ്റേജ് മാറ്റം കാരണം ടിയാളുടെ ടീമിന് നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിയാതെ വരികയും A Grade മാത്രം ലഭിക്കുകയും ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി അനുവദിച്ചതിനെ തുടർന്ന് ഒരു തവണ കൂടി ഒപ്പന അവതരിപ്പിച്ചെങ്കിലും ജഡ്ജസ് ആദ്യത്തെ പെർഫോമൻസിനാണ് മാർക്കിട്ടതെന്നും 1000 രൂപ അടച്ച് അപ്പീൽ കമ്മിറ്റി മുമ്പാകെ അപ്പീൽ സമർപ്പിച്ചുവെങ്കിലും ആയത് നിരസിക്കുകയാണുണ്ടാതെന്നും കാണിച്ച് കുമാരി ബഹു.ലോക് ആയുക്ത മുമ്പാകെ പരാതി സമർപ്പിച്ചിരുന്നു. ടി പരാതിയിൽ ജില്ലാ ലോക്ആയുക്ത പരാമർശം (1) പ്രകാരം പുറപ്പെടുവിച്ച റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറും അപ്പീൽ കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ.സുരേഷ് ബാബു ആർ.എസ്. ന്റെ ഭാഗത്തു നിന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഉണ്ടായ ഗുരുതര വീഴ്ചയുടെയും അലംഭാവത്തിന്റെയും അടിസ്ഥാനത്തിൽ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കുന്നതിനായി ശുപാർശ ചെയ്തിരുന്നു.
2. ബഹു.ലോക് ആയുക്തയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ശ്രീ.സുരേഷ് ബാബു ആർ.എസ്.-ൽ നിന്നും വിശദീകരണം തേടുകയും പരാമർശം (2) പ്രകാരം ടിയാൻ വിശദീകരണം സമർപ്പിക്കുകയും ചെയ്തു. മേൽ വിശദീകരണത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ പരാമർശം (3) പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീ.സുരേഷ്ബാബുവിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് ചെയ്യുകയും ആയതിന്റെ അടിസ്ഥാനത്തിൽ 1960-ലെ കേരള സിവിൽ സർവ്വീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടം 15 പ്രകാരം അച്ചടക്കനടപടി ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരാമർശം (4) പ്രകാരം ടിയാൾക്ക് കുറ്റപത്രവും കുറ്റാരോപണ പത്രികയും നൽകിയിരുന്നു. ടി കുറ്റപത്രത്തിന്മേൽ ടിയാൻ പരാമർശം (5) പ്രകാരം പ്രതിവാദ പത്രിക സമർപ്പിച്ചിട്ടുണ്ട്.
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. പരാമർശം (4) കുറ്റപത്രത്തിന്മേൽ ശ്രീ.സുരേഷ് ബാബു ആർ.എസ്. സമർപ്പിച്ച പരാമർശം (5) പ്രതിവാദ പത്രികയിലെ വിശദീകരണം തൃപ്തികരമല്ല. ആയതിനാൽ ടിയാനെതിരെ കെ.സി.എസ്. (സി.സി.&എ) ചട്ടം 15 പ്രകാരമുള്ള അച്ചടക്ക നടപടി തുടരുവാൻ സർക്കാർ തീരുമാനിക്കുകയും ആയതിന്റെ ഭാഗമായ ഔപചാരിക അന്വേഷണം നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ശ്രീ.ഒ.എൻ. സക്കീർ ഹുസൈൻ നെ ചുമതലപ്പെടുത്തി ഉത്തരവാകുകയും ചെയ്യുന്നു.
4.അന്വേഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് ലഭ്യമാക്കേണ്ടതാണ്.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം) GEETHA GOPINATH ഡെപ്യൂട്ടിസെക്രട്ടറി