സമ്മാനകൂപ്പണിലെ കാർ ലഭിക്കാൻ അദ്ധ്യാപികയിൽ നിന്നും തട്ടിയത് 14 ലക്ഷം

September 28, 2022 - By School Pathram Academy

സമ്മാനകൂപ്പണിലെ കാർ ലഭിക്കാൻ അദ്ധ്യാപികയിൽ നിന്നും തട്ടിയത് 14 ലക്ഷം

 

ഓൺലൈൻ തട്ടിപ്പ് സംഘം ഡൽഹിയിൽ നിന്നും പിടിയിൽ

 

ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ MEESHO യുടെ വാർഷിക സെലിബ്രേഷൻറെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ 14 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനം ലഭിച്ചുവെന്ന് വ്യാജമായിവാട്സാപ്പ് മെസ്സഞ്ചറിലൂടെയും ലിങ്കുകളിലൂടെയും തെറ്റിദ്ധരിപ്പിച്ചു അദ്ധ്യാപികയുടെ പക്കൽ നിന്നും 14,72,400 രൂപ വഞ്ചിച്ചെടുത്ത പ്രതികളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

 

മെസ്സേജ് കണ്ടു വിശ്വസിച്ച പരാതിക്കാരി തനിക്കു കാർ വേണ്ടെന്നും തത്തുല്യമായ പണം മതിയെന്നും മറുപടി നൽകിയെങ്കിലും സമ്മാനതുക ലഭിക്കുന്നതിന് TDS (Tax Deducted at Source), ഇൻകം ടാക്സ്, Money Security Fund മുതലായ ആവശ്യങ്ങളിലേക്കായി 19.05.2022 മുതൽ 26.07.2022 വരെ പരാതിക്കാരിയിൽ നിന്നും 41 തവണകളായി ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 1472400 രൂപ സ്വീകരിച്ചു. മലയാളത്തിലായിരുന്നു പരാതിക്കാരിയോട് പ്രതികൾ ആശയ വിനിമയം നടത്തിയിരുന്നത്.

 

കൊല്ലം റൂറൽ ജില്ലാ പോലീസ്‌ മേധാവിക്കു ലഭിച്ച പരാതിയിന്മേൽ സൈബർ ക്രൈം പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ ഡൽഹി പിതംപുര ആണെന്ന് തിരിച്ചറിഞ്ഞു. സമാനമായ കേസിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ടി പ്രതികളെ അറസ്റ്റ് ചെയ്ത വിവരത്തിൻറെ അടിസ്ഥാനത്തിൽ കുറ്റകൃത്യം ചെയ്യാൻ പ്രതികൾ ഉപയോഗിച്ച SIM കാർഡുകളും മൊബൈൽ ഡിവൈസുകളും ഒന്നാണെന്ന് തെളിഞ്ഞു.

 

തുടർന്ന് ഡൽഹി പിതംപുര ശിവ മാർക്കറ്റിൽ പ്രവർത്തിച്ചു വന്നിരുന്ന വ്യാജ കാൾ സെൻററിൽ നിന്നും പ്രതികളായ ഡൽഹി സംഘം പാർക്ക് RPബാഗ് സ്വദേശി പ്രവീൺ (24 ), ബീഹാർ ഗയ വസിർഗഞ്ച് പത്രോറ കോളനി സ്വദേശി സിന്റു ശർമ്മ (31 ) , ഡൽഹി സരസ്വതി വിഹാർ ഷക്കുർപുർ കോളനിയിൽ അഭിഷേക് എസ് പിള്ള (24 ) ഡൽഹി ജഹാൻഗീർപുരി സ്വദേശി അമൻ (19 ) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേർ ഡൽഹിയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള മലയാളികൾ ആണ്. പ്രതികളിൽ ബീഹാർ സ്വദേശിയും തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നു.

 

കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്, സബ് ഇൻസ്‌പെക്ടർ സരിൻ എ. എസ് , പ്രസന്ന കുമാർ. റ്റി, സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ, രജിത് ബാലകൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

#keralapolice #onlinefraud #cybercrime

Category: News