സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ സ്കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും

October 07, 2022 - By School Pathram Academy

സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ സ്കൂളുകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഓരോ എസ്.പി.സി സ്കൂളും പദ്ധതി നിലവിലില്ലാത്ത അഞ്ച് സ്കൂളുകള്‍ വീതം ഏറ്റെടുത്താണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലഹരി ഉപഭോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓരോ എസ്.പി.സി കേഡറ്റും നൂറു പേരെ ബോധവത്ക്കരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് സ്റ്റുഡന്‍റ് പോലീസ് പദ്ധതി നിലവിലുളള 1000 സ്കൂളുകളിലെ 84,000 കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ കുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെകുറിച്ചുമുളള അവബോധം പദ്ധതിയിലൂടെ നല്‍കും. സംസ്ഥാനത്തെ 6000 സ്കൂളുകളിലെ കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പനയും ഉപഭോഗവും കണ്ടെത്താന്‍ എസ്.പി.സി കുട്ടികള്‍ മുന്‍കൈയെടുക്കും. ലഹരിക്ക് അടിമയായ കുട്ടികളെ കണ്ടെത്തി വിമുക്തിയുടെ ഡി അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ച് ചികില്‍സ ലഭ്യമാക്കും. വിമുക്തിയുടെ ലഹരി മോചന കേന്ദ്രങ്ങളെ കുറിച്ചുളള അവബോധവും ഇവര്‍ നല്‍കും. ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്റര്‍ രചനാ മത്സരങ്ങള്‍, ലഹരിക്ക് അടിമപ്പെട്ടവരുടെ ജീവിതാവസ്ഥ നേരിട്ട് മനസിലാക്കുന്നതിനായി ലഹരി വിമോചന കേന്ദങ്ങളിലെ സന്ദര്‍ശനം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തും.

ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍, നിയമവശങ്ങള്‍ എന്നിവയെക്കുറിച്ചുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ ‘സാറ്റര്‍ഡേ ടോക്ക്’ എന്ന പേരില്‍ ഒരു മാസം എല്ലാ ശനിയാഴ്ചയും കുട്ടികള്‍ക്കായി സംഘടിപ്പിക്കും. അതത് വിഷയങ്ങളിലെ വിദഗ്ദ്ധരാണ് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വീഡിയോ ക്ലാസ് എടുക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങള്‍ ഉള്‍ക്കൊളളിച്ച് ‘വോയിസ് ഓഫ് വിക്ടിംസ്’ എന്ന വീഡിയോ സീരീസും പ്രദര്‍ശിപ്പിക്കും. വിപുലമായ സോഷ്യല്‍മീഡിയ ക്യാമ്പയിനും ഇതിന്‍റെ ഭാഗമായി എസ്.പി.സി സംഘടിപ്പിച്ചിട്ടുണ്ട്.

Category: News