സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം

June 13, 2022 - By School Pathram Academy

സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും.

ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്ക് 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളർഷിപ്പ്.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം, മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ/ കോഴ്‌സുകളിൽ പഠിക്കുന്നവരാകണം തുടങ്ങിയ ഏതാനും വ്യവസ്ഥകളുമുണ്ട്.

എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം. അപേക്ഷ നൽകാനും വിവരങ്ങൾക്കും: suneethi.sjd.kerala.gov.in, 0471 2302851, 0471 2306040.

Category: News