സാർ, ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യചെയ്യുന്നതിനായി ഒരാൾ നിൽക്കുന്നുണ്ട് എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം

May 18, 2022 - By School Pathram Academy

കഴിഞ്ഞ ദിവസം വൈകീട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വന്നു

 

സാർ,

ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യചെയ്യുന്നതിനായി ഒരാൾ നിൽക്കുന്നുണ്ട് എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം.

 

വിളിച്ചയാളുടെ പേരും വിലാസവും പോലീസുദ്യോഗസ്ഥർ ചോദിക്കും മുമ്പേ അയാൾ ഫോൺ കട്ട് ചെയ്തു.

 

ഫോൺ അറ്റൻറുചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൌജിത്ത് ഇക്കാര്യം ഉടൻതന്നെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജിത്തിനെ അറിയിച്ചു. നിമിഷ നേരം കൊണ്ട് സജിത്തും, സിവിൽ പോലീസ് ഓഫീസർ മെൽവിനും പോലീസ് വാഹനത്തിൽ ചേറ്റുവ പാലത്തിനടുത്തെത്തി.

 

മുപ്പതുവയസ്സു പ്രായം തോന്നിക്കുന്ന ഒരാൾ പാലത്തിന്റെ കൈവരിയോടു ചേർന്നു നിൽക്കുന്നതു കണ്ടു. പുഴയിലേക്ക് ചാടാനുള്ള ശ്രമത്തിലാണെന്ന് അവർക്കു മനസ്സിലായി. അയാളുടെ മുഖം ആകെ പരിഭ്രമിച്ച പോലെയുണ്ട്. പോലീസുദ്യോഗസ്ഥർ അയാളുടെ അടുത്തെത്തി, മറ്റെന്തോ വിഷയം ചോദിച്ചു മനസ്സിലാക്കാനുള്ള ശ്രമം എന്ന പോലെ അയാളുടെ അടുത്തെത്തി. അയാൾക്ക് പുഴയിലേക്ക് ചാടാൻ സാധിക്കാത്ത വിധത്തിൽ പാലത്തിന്റെ കൈവരിയുടെ ഭാഗത്തുനിന്നും മാറ്റി നിർത്തി. എന്തോ മാനസിക വിഷമത്തിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന അയാളെ പിന്തിരിപ്പിക്കാനാണ് അവരെത്തിയതെന്ന് അവനു മനസ്സിലായി.

 

എന്നെ വിടൂ സാര്‍ …പ്ളീസ് അവന്‍ പലവട്ടം അപേക്ഷിച്ചു

 

എന്തു പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം. സമാധാനമായിരിക്കൂ.

 

അസി. സബ് ഇൻസ്പെക്ടർ സജിത്ത് അയാളെ മുറുകെപ്പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവനെ ചേർത്തുനിറുത്തി സംസാരിച്ചപ്പോൾ തന്നെ അവൻ പൊട്ടികരഞ്ഞു.

 

വർഷങ്ങളായുള്ള പ്രണയമായിരുന്നു അയാളുടേത്. നല്ലൊരു ജോലി ലഭിച്ചതിനു ശേഷം അവളെ സ്വന്തമാക്കണമെന്ന ആഗ്രഹത്തിൽ അവൻ ഗൾഫിലേക്കു പോയി. ഇപ്പോൾ അവന് ഗൾഫിൽ നല്ലൊരു ജോലിയുണ്ട്. വിവാഹ സ്വപ്നങ്ങളുമായി നാട്ടിലെത്തിയപ്പോഴാണ് അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചു എന്ന വാർത്തയറിഞ്ഞത്. മാനസികമായി ആകെ തകർന്ന അവൻ വേറെയൊന്നും ആലോചിച്ചില്ല. താൻ മരിക്കന്നതിന്റെ കാരണം തന്റെ ആത്മാർത്ഥ കൂട്ടുകാരൻ അറിഞ്ഞിരിക്കണമെന്നുകരുതി, ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന തീരുമാനം ഫോണിലൂടെ ഒരൊറ്റ വരിയിലൂടെ ഒരു സന്ദേശം നൽകി അവൻ ചേറ്റുവയിലേക്ക് യാത്രയായി. സന്ദേശം ലഭിച്ച കൂട്ടുകാരൻ ആ നിമിഷത്തിൽ തന്നെ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് ടെലഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഫോൺ സന്ദേശം ലഭിച്ച പോലീസുദ്യോഗസ്ഥർ ഒട്ടും സമയം പാഴാക്കാതെ അവിടെ എത്തിയതിനാലാണ് അയാളുടെ ജീവൻ രക്ഷിക്കാനായത്.

 

വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അസി. സബ് ഇൻസ്പെക്ടർ സജിത്ത് പ്രണയ നൈരാശ്യത്തിൽ ജീവിതം ഹോമിക്കാതെ ഇച്ഛാശക്തികൊണ്ട്, തിരികെ വന്ന ഒരുപാടുപേരെക്കുറിച്ച് സംസാരിച്ചു. മറ്റൊന്നും ആലോചിക്കാതെ ഒരൊറ്റ നിമിഷം കൊണ്ടുണ്ടാകുന്ന ഇത്തരം തീരുമാനങ്ങളിൽ തന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ജീവിച്ചുമുന്നേറി കാണിച്ചു കൊടുക്കേണ്ടതിനെക്കുറിച്ചുമെല്ലാം വിശദീകരിച്ചപ്പോൾ അവൻ ആശ്വാസപൂർവ്വം തലയുയർത്തി.

 

ഉടൻ തന്നെ പോലീസുദ്യോഗസ്ഥർ അയാളുടെ വീട്ടുകാരെ ഫോണിൽ വിളിച്ചു. സംഭവങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. അയാൾക്ക് നല്ലൊരു കൌൺസിലിങ്ങ് നൽകണമെന്ന് അറിയിക്കുകയും ചെയ്തു. എന്തുസഹായം വേണമെങ്കിലും പോലീസ് സ്റ്റേഷനിലേക്ക് മടിക്കാതെ വിളിക്കണമെന്ന്, അയാളുടെ തോളിൽ തട്ടി പോലീസുദ്യോഗസ്ഥർ പറഞ്ഞപ്പോൾ പുതിയൊരു ജീവിതം കിട്ടിയ പ്രസരിപ്പായിരുന്നു അവന്റെ മുഖത്ത്.

 

കുറിപ്പ്:

 

ആത്മഹത്യയെകുറിച്ചുള്ള ചിന്തകൾ നിങ്ങളെ കൂടുതൾ അലട്ടുന്നുണ്ടെങ്കിൽ കൂട്ടുകാരുമൊത്തോ കൂടുംബാംഗങ്ങളുമൊത്തോ ഇഷ്ടപ്പെട്ട പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ട് സ്വയം തിരക്കുള്ള ഒരു വ്യക്തിയായി മാറണം. സന്തോഷം തരുന്ന വിനോദം നിങ്ങൾ തന്നെ കണ്ടെത്തണം. വിശ്വസ്തരായുള്ള നല്ല സൌഹൃദങ്ങളൾ നിങ്ങളെ കൂടുതൽ മാനസികമായി കരുത്തുറ്റവരാക്കും. നിങ്ങളേക്കാൾ ഏറെ ദുരിതം അനുഭവിച്ച് ജീവിക്കുന്നവരെ നിങ്ങൾക്ക് ചുറ്റും കണ്ടെത്താനാകും. അവർക്കുവേണ്ടി ഒരു കൈ സഹായം ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു അദ്ധ്യായം തുറക്കുന്നതു കാണാം. കൂടുതൽ സഹായങ്ങൾക്ക് അടുത്തുള്ള പോലീസ് സ്റ്റേഷൻ മുഖേന നിങ്ങൾക്ക് നല്ലൊരു കൌണസിലിങ്ങ് ലഭ്യമാകും.

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷം അനുഭവപ്പെടുമ്പോൾ 1056, 0471- 2552056 എന്നീ നമ്പരുകളിലേക്ക് വിളിക്കുക.

ഈ സമയവും കടന്നുപോകും… ധൈര്യമായിരിക്കുക. ഞങ്ങൾ കൂടെയുണ്ട്.

Category: News