സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം രണ്ട് പരീക്ഷകള്‍…
ന്യൂഡല്‍ഹി: സി.ബി.എസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം രണ്ട് പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ഓഫ്‌ലൈനായി നടത്താന്‍ തീരുമാനം.
വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയുമാണ് ബോര്‍ഡ് ടേം 2 പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താന്‍ തീരുമാനിച്ചതെന്ന് സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് പറഞ്ഞു.
ടേം- 2 പരീക്ഷകളില്‍, വിദ്യാര്‍ഥികള്‍ ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. ടേം- 1 പേപ്പറുകളില്‍ ഒബ്ജക്ടീവ് അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് തരത്തിലുള്ള ചോദ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകളുടെ പാറ്റേണ്‍ അനുസരിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്. കഴിഞ്ഞ മാസം സിബിഎസ്ഇ അക്കാദമിക് വെബ്‌സൈറ്റില്‍ പരീക്ഷയുടെ സാംപിള്‍ പേപ്പറുകള്‍ പുറത്തിറക്കിയിരുന്നു. വിശദമായ ടൈംടേബിള്‍ cbse.nic.inല്‍ ഉടന്‍ പ്രസിദ്ധീകരിക്കും- കണ്‍ട്രോളര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡായ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ അവസാന പരീക്ഷകള്‍ രണ്ട് ടേമുകളിലായി നടത്തുന്നത്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് പരീക്ഷകള്‍ രണ്ട് ഘട്ടമായി നടത്താനുള്ള തീരുമാനം. സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ടേം ഒന്ന് (CBSE Term 1) പരീക്ഷകള്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് നടത്തിയത്. ഈ പരീക്ഷകളുടെ ഫലം ജനുവരി പകുതിയോടെ പുറത്തുവരുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ബോര്‍ഡിന് പരീക്ഷകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതെത്തുടര്‍ന്ന് ഫലങ്ങള്‍ തയ്യാറാക്കാന്‍ ഒരു ബദല്‍ മൂല്യനിര്‍ണയ പദ്ധതിയും തയ്യാറാക്കി.
സിബിഎസ്ഇ ടേം- 1 ഫല തിയ്യതിയും ടേം- 2 പരീക്ഷയെക്കുറിച്ചുമുള്ള തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച വ്യാജ അറിയിപ്പുകള്‍ക്കെതിരേ ബോര്‍ഡ് അടുത്തിടെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടേം- 2 പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിച്ചതിന് ശേഷം മാത്രം സ്ഥിരീകരിക്കാവൂ എന്ന് സിബിഎസ്ഇ ആവര്‍ത്തിച്ചു.