സുഖം തേടി നടന്നവർ ഓർത്തില്ല,ആ സുഖം അസുഖം ആകുമെന്ന് .ഡിസംബർ1; ലോക എയ്ഡ്സ് ദിനം

December 01, 2021 - By School Pathram Academy

കാലം ഇത്ര പുരോഗമിച്ചിട്ടും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പഴഞ്ചനായി തന്നെ തുടരുന്നു എന്നതാണ് വാസ്തവം. അതിലൊന്നാണ് എച്ച്‌ഐവി രോഗബാധയെ പറ്റിയുള്ള സമൂഹത്തിന്റെ അവബോധം. പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ എയ്ഡ്സ് അഥവാ എച്ച്‌ഐവിയെ പറ്റി ഇന്നും നിലനില്‍ക്കുന്നു. ചികിത്സയില്ലാത്ത അസുഖമാണ്, രോഗിയെ കണ്ടാലോ തൊട്ടാലോ ഒരുമിച്ച് ഒരു മുറിയില്‍ തങ്ങിയാലോ ഈ അസുഖം പകരും എന്നൊക്കെയുള്ള അബദ്ധ ജടിലമായ തെറ്റിദ്ധാരണകള്‍ ഇന്നും സമൂഹം വെച്ചുപുലര്‍ത്തുന്നു. ഇത് മാറ്റിയെടുക്കാനാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്.ഐ.വി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണിറ്റി വൈറസ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടി.ബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി.

രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയില്‍ നിന്നും ഗര്‍ഭകാലത്ത് കുഞ്ഞിലേയ്ക്ക്, രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, പൂര്‍ണ്ണമായും അണുവിമുക്തമാക്കാത്ത സൂചികള്‍ കൊണ്ട് കിട്ടുന്ന കുത്തുകള്‍ എന്നിവയാണ് പ്രധാനമായും ഈ രോഗം ശരീരത്തിലേക്ക് കടന്നുകയറാനുള്ള മാര്‍ഗ്ഗങ്ങള്‍. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് അപൂര്‍വ്വങ്ങളായ പൂപ്പല്‍ ബാധകള്‍, കാന്‍സറുകള്‍, ക്ഷയരോഗം മുതലായവ പെട്ടെന്ന് രോഗിയെ ബാധിക്കുന്നു.ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാല്‍ വസ്തുത എന്തെന്നാല്‍ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ഈ അസുഖം ബാധിച്ച മനുഷ്യര്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ കിട്ടുന്നു. പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികള്‍ ഒരുപാട് പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകര്‍ച്ചയെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.

അതിനാല്‍ തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ച നിര്‍ഭാഗ്യവാന്മാരെക്കൂടി നമുക്ക് ഒപ്പം ചേര്‍ക്കാം. ശാസ്ത്രബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

Category: Day Celebration

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More