സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങി അധ്യാപിക മരിച്ചു
സ്‌കൂളിലെ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ കുടുങ്ങി അധ്യാപിക മരിച്ചു
സ്കൂളിലെ ലിഫ്റ്റ് ഡോറുകൾക്കിടയിൽ കുടുങ്ങി 26-കാരിയായ അധ്യാപിക മരിച്ചു. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെ ആറാം നിലയിൽ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായിട്ടാണ് ജെനിൽ ഫെർണാണ്ടസ് എന്ന അധ്യാപിക ലിഫ്റ്റിൽ കയറിയത്. അധ്യാപിക കാലെടുത്ത് വെച്ച ഉടൻ ലിഫ്റ്റ് അടഞ്ഞു. ജെനിൽ ഫെർണാണ്ടസ് ഡോറിനിടയിൽപ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ചെയ്തു.
സ്കൂൾ ജീവനക്കാർ ഓടിയെത്തി അധ്യാപികയെ വലിച്ചെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.