സ്കൂൾ കോമ്പൗണ്ടിലെ പുറകിലുള്ള മുറിയിൽ ലഹരി മരുന്നു വിൽപ്പന; സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

June 28, 2023 - By School Pathram Academy

വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി മരുന്നുകളുമായി അന്യസംസ്ഥാന സെക്യൂരിറ്റി ജീവനക്കാരനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

 

വിൽപ്പനക്കായി കൊണ്ടു വന്ന ഗഞ്ചാവും ഹെറോയിനുമായി കളമശ്ശേരിയിലെ പ്രമുഖ സ്വകാര്യ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തു വന്നിരുന്ന ബംഗാൾ സ്വദേശി അറസ്റ്റിലായി.

വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി, പഞ്ച്കോളാഗുരി സ്വദേശി ബൗദാരു സിങ് മകൻ 31 വയസുള്ള പരിമൾ സിങ്നെയാണ് കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ താൽകാലികമായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു.

സ്കൂൾ അധികൃതർക്ക് വളരെ വിശ്വസ്തനായിരുന്ന ഇയാൾ താമസ്സിക്കുന്ന സ്കൂളിൽ കോമ്പൗണ്ടിലെ പുറകിലുള്ള മുറിയിൽ അസ്വാഭാവികമായി പലരും വന്നു പോകുന്നത് ചില വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ അദ്ധ്യാപകരോട് ഈ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ ലഹരി മരുന്ന് കച്ചവടം നടത്തുന്നതായി സംശയം തോന്നിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽനിന്നും 1400 ഗ്രാം ഉണങ്ങിയ ഗഞ്ചാവും 43 ചെറിയ ബോട്ടിലുകളിലായി 4 ഗ്രാം ഹെറോയിനും പോലീസ് കണ്ടെടുത്തു. ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് കളമശ്ശേരി പോലീസ് വിവിധ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു, ഈ ക്ലാസുകൾ അക്ഷരാർഥത്തിൽ ഫലം കാണുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Category: News