സ്കൂളുകളിൽ രൂപീകരിക്കേണ്ട വിവിധ ക്ലബ്ബുകളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി

July 05, 2024 - By School Pathram Academy

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ പഠനങ്ങൾ രസകരവും ലളിതവും ആക്കിത്തീർ ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ബന്ധപെട്ട വിഷയങ്ങളുടെ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

ഉപജില്ലാതലത്തിൽ ശാസ്ത്രത്തിന് ഉപജില്ല ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും,ഗണിത ശാസ്ത്രത്തിന് ഉപജില്ല ഗണിത ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും, സാമൂഹ്യ ശാസ്ത്രത്തിന് ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും പ്രവൃത്തി പരിചയത്തിന് ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷനും പ്രവർത്തിച്ചു വരുന്നു. റവന്യൂ ജില്ലാതലത്തിൽ യഥാക്രമം റവന്യൂ ജില്ല ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ, റവന്യൂ ജില്ല ഗണിത ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ, റവന്യൂ ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ, റവന്യൂ ജില്ല പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷൻ എന്നിവ പ്രവർത്തിക്കുന്നു. ഇതിൽ സ്കൂൾതല ക്ലബ്ബുകളുടെ കാലാവധി ഒരു വർഷവും, ഉപജില്ല/റവന്യൂ ജില്ല ക്ലബ്ബുകളുടെ പ്രവർത്തന കാലാവധി രണ്ട് വർഷവുമാണ്. നിലവിൽ സ്കൂൾ/ഉപജില്ല/റവന്യൂ ജില്ല ക്ലബ്ബുകളുടെ പ്രവർത്തന കാലാവധി പൂർത്തികരിച്ചിരിക്കുകയാണ്.

മേൽസാഹചര്യത്തിൽ കേരള സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പ്രകാരം ഉപജില്ല/റവന്യൂ ജില്ല ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിനായി എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരും ഈ വർഷത്തെ പുതിയ സ്കൂൾ തല ക്ലബ് ഭാരവാഹികളുടെ ജനറൽ ബോഡി വിളിച്ചു ചേർത്ത് അതിൽ നിന്നും ഉപ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ്, എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും പുതിയ ഉപ ജില്ലാ ഭാരവാഹികളുടെ ജനറൽ ബോഡി വിളിച്ചു ചേർത്ത് അതിൽ നിന്നും ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതാണ് കൂടാതെ അതിനോടനുബന്ധിച്ച് മാന്വൽ അനുശാസിക്കുന്ന പ്രകാരം പ്രവർത്തക സമിതി രൂപീകരിക്കുന്നതിനുളള നടപടികളും സ്വീകരിക്കേണ്ടതാണ്.

പ്രസ്തുത നടപടികൾ ഉപ-ജില്ലാ വിദ്യാഭാസ ഓഫീസർമാർ 2024 ജൂലൈ 10 നകവും, വിദ്യാഭ്യാസ ഉപഡയറക്ടർമാർ 2024 ജൂലൈ 12 നകവും പൂർത്തീകരിക്കേണ്ടതാണ്.

എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും/എല്ലാ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരും തെരഞ്ഞെടുക്കപ്പെട്ട സബ് ജില്ല/ജില്ല സെക്രട്ടറിമാരുടെ വിവരങ്ങൾ(പേര്,തസ്തിക, സ്കൂളിന്റെപേര്,മൊബൈൽ നമ്പർ.ഒഫീഷ്യൽ ഇ മെയിൽ അഡ്രസ് എന്നിവ) 2024 ജൂലൈ 15 നകം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക മെയിലിൽ അയച്ചു നൽകേണ്ടതാണ് ([email protected])