സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച യോഗത്തിന്റെ നടപടിക്കുറിപ്പ്

July 02, 2024 - By School Pathram Academy

സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായി 10.06.2024 ന് പകൽ 2 മണിയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും പൊതു വിദ്യഭ്യാസ വകുപ്പു മന്ത്രിയും സംയുക്തമായി ചേർന്ന യോഗത്തിന്റെ നടപടിക്കുറിപ്പ്

 

സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനായുള്ള യോഗം 10.06.2024-ന് പകൽ 2 മണിയ്ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സംയുക്തമായി നിയമസഭാ സമുച്ചയത്തിലെ ഹാൾ നം.604- ൽ ചേർന്നു.

ഓരോ അധ്യയന വർഷവും സ്കൂൾ ആരംഭിക്കുന്നതിനു മുമ്പായി തന്നെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റിനസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കെട്ടിട നിർമാണ ചട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഫിറ്റിനസ് സർട്ടിഫിക്കറ്റ് സമയബന്ധിതമായി ലഭ്യമാകുന്നില്ലെന്നും ആയത് മൂലം പല കെട്ടിടങ്ങളും ഉപയോഗിക്കാനാവാതെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വരികയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ടെന്നും യോഗത്തിൽ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി ആമുഖമായി സംസാരിച്ചു.

നബാർഡ്. കിഫ്‌ബി, പ്ലാൻ, എം.എൽ.എ/എം.പ് ഫണ്ട് എന്നിവ വഴി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ അടക്കം പല കാരണങ്ങളാലും ഫിറ്റ്നസ് ലഭ്യമായിട്ടില്ലെന്നും സ്കൂൾ കെട്ടിടങ്ങളുടെ തറ ടൈൽസ് പാകുന്നത് മൂലം കേരള എഡ്യൂക്കേഷൻ റൂൾസ് പ്രകാരമുള്ള നിശ്ചിത ഉയരം ഇല്ലാതാകുന്ന സ്കൂൾ കെട്ടിടങ്ങളെ തസ്തിക നിർണയത്തിൽ ഉൾപ്പെടുത്താൻ കഴിയാതെ വരുന്നതായും അതുമൂലം തസ്തിക നഷ്ടപ്പെടുന്ന സ്ഥിതിയുള്ളതായും പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി യോഗത്തെ അറിയിച്ചു.

സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലേയ്ക്ക് ആകെ ലഭിച്ചിട്ടുള്ള 7557 എണ്ണം അപേക്ഷയിൽ 6136 എണ്ണം അപേക്ഷകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ടെന്നും, 1421 എണ്ണം അപേക്ഷകളിൽ കെട്ടിടങ്ങൾക്കുള്ള വിവിധ പോരായ്മകൾ കാരണം ഫിറ്റ്നസ് അനുവദിക്കാൻ സാധിയ്ക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടു.

ചുവടെപ്പറയുന്ന കാരണങ്ങളാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ സാധിയ്ക്കാത്തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ യോഗത്തിൽ വിശദീകരിച്ചു.

1) സുരക്ഷയുമായി ബന്ധപ്പെട്ട് ഫയർ & സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തത്

2) സ്കൂൾ കെട്ടിടങ്ങൾക്ക് അപകടകരമായ വിധത്തിൽ മരങ്ങൾ നിൽക്കുന്നത്

3) കെട്ടിട നിർമാണ ചട്ട മാനദണ്ഡങ്ങൾ പാലിക്കാത്ത ക്ലാസ് റൂം നിർമ്മാണം

4) ബിൽഡിംഗ് പ്ലാസ്റ്റർ ചെയ്യാത്തത്

5) മെറ്റൽ ഷീറ്റ് ഉപയോഗിച്ചുള്ള റൂഫ്

6) മൂന്ന് നിലകളിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് സൗകര്യമില്ലാത്തത്

7) സ്കൂൾ പരിസത്തുള്ള തുറന്ന കിണറുകൾ

8) സൂപ്പർ വിഷൻ ചാർജ് ഒടുക്കാത്തത്

9) റാംപ് / ലിഫ്റ്റ് സൗകര്യമില്ലാത്തത്

10) കെ.ഇ.ആർ, കെ.എം.ബി.ആർ/ കെപ്ബിആർ വ്യവസ്ഥകളിലെ നിബന്ധനകൾ വ്യത്യസ്തമാകുന്ന സാഹചര്യങ്ങൾ നിലവിലുള്ള നിയമ നിബന്ധനകൾ പ്രകാരം ഇളവ് അനുവദിക്കാൻ സാധിയ്ക്കുന്ന കാര്യങ്ങളിൽ ഇളവ് അനുവദിച്ച് വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ യോഗം ചർച്ച ചെയ്തു.

വിശദമായ ചർച്ചയ്ക്കു ശേഷം ചുവടെ ചേർക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.

1.സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ / മരങ്ങളുടെ ശിഖരങ്ങൾ മുറിയ്ക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. (ഗവൺമെന്റ് / എയ്‌ഡഡ് സ്കൂളുകളുടേത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെലവിലും, അൺ എയ്ഡഡ് സ്കൂളുകൾ സ്വന്തം ചെലവിലുമാണ് മുറിച്ചു മാറ്റേണ്ടത് ).

2.അനധികൃത ക്ലാസ് റൂം നിർമ്മാണം കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്കൂളുകളിൽ 2019  വരെ നിർമ്മിച്ച കെട്ടിടങ്ങൾ പിഴ അടച്ച് റഗുലറൈസ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക. ഇപ്രകാരം ക്രമവൽക്കരണം നടത്തുന്നതിനും 2019 ശേഷമുള്ളതോ മുൻപേ ഉള്ളതോ ആയ കെട്ടിടങ്ങൾക്ക് കെ.എം.ബി.ആർ/ കെപിബിആർ വ്യവസ്ഥകളിൽ അനുവദനീയമായ ഇളവുകൾ ലഭിക്കുന്നതിനും അതത് സ്കൂൾ അധികൃതർ നടപടി സ്വീകരിക്കേണ്ടതാണ്.

3.തുറന്ന കിണറുകൾക്ക് ആൾമറ, മൂടി എന്നിവ നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. ആയതിന് സർക്കാർ സ്കൂളുകളുടെ ചെലവ് സർക്കാർ/പി ടി എ/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, എയ്‌ഡഡ്/ അൺ എയ്‌ഡഡ് സ്കൂളുകളുടെ ചെലവ് അതാത് മാനേജ്മെന്റും വഹിക്കേണ്ടതാണ്.

4.ഫയർ & സേഫ്റ്റി സർട്ടിഫിക്കറ്റ്, ലിഫ്റ്റ്, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ നിലവിലെ നിയമ വ്യവസ്ഥകൾ ബാധകമാണ്.

5. ഒഴിവാക്കേണ്ടുന്ന മെറ്റൽ ഷീറ്റുകൾ ഒഴിവാക്കേണ്ടതാണ്. ഫാൾസ് സീലിങ് ഏർപ്പെടുത്തേണ്ടവ അപ്രകാരം നടപടി സ്വീകരിക്കണം.

6. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് റാംപ് നിർമ്മിക്കേണ്ടതാണ്. നിലവിൽ റാംപ് സൗകര്യം ലഭ്യമാക്കുവാൻ പര്യാപ്തമല്ലാത്ത കെട്ടിടങ്ങൾക്ക് capsule lift പരിഗണിക്കേണ്ടതാണ്.

7. എയ്ഡഡ് സ്കൂളുകൾക്ക് ഈടാക്കുന്ന സൂപ്പർ വിഷൻ ചാർജ് ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിശോധിച്ഛേണ്ടതാണ്.

8. Life Threatening അല്ലാത്ത, മറ്റു കാരണങ്ങളാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകൾക്ക് അടുത്ത അധ്യയന വർഷത്തിനു മുമ്പായി ആവശ്യമായ രേഖകൾ സമർപ്പിച്ച് റഗുലറൈസ് ചെയ്യേണ്ടതാണ് എന്ന നിബന്ധനയോടെ ഈ അധ്യയന വർഷത്തേക്ക് മാത്രമായി താത്ക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുവാൻ തീരുമാനിച്ചു. നിബന്ധനകൾ അടുത്ത അധ്യയന വർഷത്തിനു മുമ്പായി പാലിക്കുന്നതാണെന്നുള്ള സത്യവാങ്‌മൂലം അതത് സ്കൂൾ അധികൃർ ഹാജരാക്കേണ്ടതാണ്.

9. കെ.ഇ.ആർ, കെ.എം.ബി.ആർ/ കെപിബിആർ വ്യവസ്ഥകളിലെ നിബന്ധനകൾ വ്യത്യസ്തമാകുന്ന സാഹചര്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

10. KIIFB ഫണ്ടുപയോഗിച്ച് നിർമ്മാണം ആരംഭിച്ച / നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്. UDE ആരംഭിക്കുവാനുള്ള കെട്ടിടങ്ങളുടെ

മേൽ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസവകുപ്പും ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണ്. യോഗം 3  മണിയ്ക്ക് അവസാനിച്ചു. (യോഗത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് ചേർത്തിട്ടുണ്ട്)