സ്കൂള്‍ തുറന്നതോടെ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; രാജ്യത്ത് 58 കുട്ടികളിൽ പുതുതായി രോഗബാധ

November 30, 2021 - By School Pathram Academy

സ്കൂള്‍ തുറന്നതോടെ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; രാജ്യത്ത് 58 കുട്ടകളില്‍ പുതുതായി രോഗബാധ

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു. രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചത്.

ഇന്ന്  രണ്ട് സംസ്ഥാനങ്ങളിലെ 58 ഓളം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥീരീകരിച്ചു. തെലങ്കാനയിലും കര്‍ണാടകയിലുമാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ റസിഡൻഷ്യൽ സ്‌കൂളിലെ 42 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും കോവിഡ് സ്ഥിരീകരിച്ചു. മഹാത്മാ ജ്യോതിബ ഫൂലെ ഗുരുകുൽ സ്‌കൂളിലാണ് കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 491 കുട്ടികളാണ് സ്കൂളിലുള്ളത്.

രോഗബാധിതരായ വിദ്യാർത്ഥികളെ സ്‌കൂൾ പരിസരത്തെ ഹോസ്റ്റലിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ വിദ്യാര്‍ത്ഥികളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്. ഇതിനെത്തുടര്‍ന്ന് 15 ദിവസത്തേക്ക് സുകൂളിന് അവധി പ്രഖ്യാപിക്കുകയും കുട്ടികള്‍ക്കായി ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു.

കൂടാതെ കര്‍ണാടകയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ 13 വിദ്യാർത്ഥികൾക്കും കോവി‍ഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നും 18 വയസിന് താഴെയുള്ള കുട്ടികളാണെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കഴഞ്ഞ ദിവസം 48 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏറെക്കാലത്തിനുശേഷം ഇന്ന് ഡല്‍ഹിയിലും സ്കൂളുകള്‍ തുറന്നിരുന്നു.

Category: News