സ്കൂൾ അസംബ്ലി ന്യൂസ് 📰🗞️
രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നവംബര്‍ 11നും 12നും ബംഗളൂരുവില്‍ എത്തിയ 66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി∙ വാഹനാപകടത്തിൽ മോഡലുകൾ ഉൾപ്പെടെ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി
ചാവക്കാട് ∙ ഗവ.ഹൈസ്ക്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടൂ വിദ്യാർഥികൾ റാഗ് ചെയ്തതിനുശേഷം മർദിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ തിരിച്ചറിഞ്ഞു. സ്കൂളിൽ അധികൃതർ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് മർദനമേറ്റ വിദ്യാർഥി ഇവരെ തിരിച്ചറിഞ്ഞത്.
കുമരകം ∙ പാടശേഖരത്ത് നിന്നു നെല്ല് കയറ്റി വന്ന വള്ളം കോട്ടത്തോട്ടിൽ മുങ്ങി. ഇടവട്ടം പാടശേഖരത്ത് നിന്നു 120 ക്വിന്റൽ നെല്ല് കയറ്റി വന്ന വള്ളമാണ് മുങ്ങിയത്.നെല്ല് ചാക്കുകളിൽ നിറച്ചു കെട്ടി വള്ളത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു.
കായംകുളം ∙ അമ്മയും മകളും ഒരേ ദിവസം അഭിഭാഷക ഗൗണണിഞ്ഞ് കോടതി മുറിയിലേക്കു പോകുമ്പോൾ കായംകുളത്തിനും അഭിമാന നിമിഷം. പത്തനംതിട്ട കൈപ്പട്ടൂരിലെ അഭിഭാഷകനും പ്രവാസി വ്യവസായിയുമായ മാത്യു പി.തോമസിന്റെ ഭാര്യ കായംകുളം സ്വദേശിനി മറിയം മാത്യുവും മകൾ സാറാ എലിസബത്ത് മാത്യുവുമാണ് എൻറോൾ ചെയ്ത് അഭിഭാഷക ജീവിതത്തിലേക്കു കടന്നത്.
പാറശാല∙ കോവിഡ് ദുരിത കാലത്തിന്റെ ഒാർമകൾ മായ്ച്ച് ഇരുസംസ്ഥാനങ്ങളിലേക്കും ട്രാൻസ്പോർട്ട് ബസുകൾ അതിർത്തി കടന്നു. 19 മാസത്തെ ഇടവേളയ്ക്കുശേഷം. തിരുവനന്തപുരം–നാഗർകോവിൽ പാതയിൽ കേരള, തമിഴ്നാട് ബസുകൾ വീണ്ടും നിരത്തിലിറങ്ങിയതോടെ യാത്രക്കാർക്ക് കൗതുകം.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നു. നിലവിൽ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.
ചേർത്തല:പഞ്ചാബിലെ ജലന്ധർ രൂപത പരിധിയിലെ കോൺവെന്റിൽ ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യചെയ്തതായി ബന്ധുക്കൾക്കു വിവരംലഭിച്ചു. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31) ചൊവ്വാഴ്ച ആത്മഹത്യചെയ്തതായാണു സഭാധികൃതർ വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മകൾക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സംശയമുണ്ടെന്നുംകാണിച്ച് പിതാവ് ജോൺ ഔസേഫ് ആലപ്പുഴ കളക്ടർക്കു പരാതിനൽകി.
തിരുവനന്തപുരം:പരിപാലന കാലാവധിയുള്ള റോഡുകളിൽ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോൺനമ്പറും ഉൾപ്പെടെ ശനിയാഴ്ചമുതൽ പ്രദർശിപ്പിച്ചുതുടങ്ങും. റോഡുകൾ തകർന്നാൽ അക്കാര്യം ജനങ്ങൾക്ക് ബന്ധപ്പെട്ടവരെ അറിയിക്കാം