സ്കൂൾ അസംബ്ലി ന്യൂസ് 📰🗞️

November 29, 2021 - By School Pathram Academy

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

തിരുവനന്തപുരം ∙ കോടതിയലക്ഷ്യ കേസുകൾ ഉണ്ടായാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ അഭിഭാഷകനെ വയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ന്യൂഡൽഹി∙ മോന്‍സന്‍ മാവുങ്കല്‍ അംഗീകൃത പുരാവസ്തു വില്‍പനക്കാരനല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി. കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനാണ് ജി. കിഷന്‍ റെഡ്ഡിയുടെ മറുപടി.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. രണ്ട് ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. റൂൾ കർവ് പ്രകാരം 142 അടി വെള്ളം ഡാമിൽ നിലനിർത്താം.

തിരുവനന്തപുരം ∙ ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദം, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നവംബര്‍ 30 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജനീവ∙ കോവിഡിന്റെ ഒമിക്രോൺ വകഭേദം ഉയർന്ന അപകട സാധ്യതയുള്ളതാകാമെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോൺ എത്രത്തോളം ഗുരുതരമാകാമെന്നതിൽ അഭ്യൂഹങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണു ലോകാരോഗ്യ സംഘടന നിലപാടു വ്യക്തമാക്കിയത്.

മാറ്റിവെച്ച 2020-2021 അക്കാദമിക വർഷത്തെ എൽ.എസ്.എസ്, യു. എസ്.എസ്. പരീക്ഷ 18.12.2021 ശനിയാഴ്ച രാവിലെ 10.00 മുതൽ 12.20 വരെ നടക്കും

കണ്ണൂർ∙ കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായിരുന്ന അറയ്ക്കൽ കുടുംബത്തിലെ നാൽപതാമത്തെ സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു

തിരുവനന്തപുരം ∙ ഉഴമലയ്ക്കൽ കുര്യാത്തി ജംക്‌ഷനിൽ തൊഴിലുറപ്പ് ജോലിക്കു പോയ വീട്ടമ്മ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ തട്ടിയത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം.

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾ, പെഗസസ് എന്നീ വിഷയങ്ങളിൽ പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയിൽ ‍പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

 

 

Category: IAS