സ്കൂൾ അസംബ്ലി ന്യൂസ്
തിരുവനന്തപുരം:പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് സ്കൂൾ ഉച്ചഭക്ഷണപദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
കൊച്ചി: തിരുവനന്തപുരം പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കൊച്ചി: മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. പുതിയ ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഗതാഗത കുരുക്കിൽപ്പെട്ട് വലയാതെ ജോലി സ്ഥലത്ത് എത്തിച്ചേരാനും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂട്ടാനുമാണ് ഈ പുതിയ പദ്ധതി.
കോട്ടയം: കോട്ടയം ജില്ലയിൽ മൂന്ന് ഇടങ്ങളിൽ പക്ഷിപ്പനി സ്ഥരീകരിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, വെച്ചൂർ, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ ഭോപാലിലുള്ള ലാബിൽ നിന്നാണ് പരിശോധനാഫലം വന്നത്.
കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ നിന്ന് മോചിതരായി കുട്ടികൾ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓൺലൈൻ പഠനകാലത്ത് വല വീശിയെറിഞ്ഞവർ. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോൾ ചെയ്ത് 20 പെൺകുട്ടികളെ പീഡിപ്പിച്ച കട്ടപ്പനയിലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ന്യൂഡൽഹി: ആറു മാസത്തിനുള്ളിൽ കുട്ടികൾക്കും കോവിഡ് വാക്സിൻ എടുക്കാം. കുട്ടികൾക്കായുള്ള നൊവാവാക്സ് കോവിഡ്-19 വാക്സിൻ ആറു മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനവാല വ്യക്തമാക്കി.
കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇ.എൻ. ശ്രീകാന്തിനെയാണ് സർവീസിൽനിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ.
കുമളി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്ന് ഭാര്യ വീടിനുള്ളിൽ തൂങ്ങി മരിച്ചു.
പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.