സ്കൂൾ അസംബ്ലി ന്യൂസ്

December 16, 2021 - By School Pathram Academy

തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

തിരുവനന്തപുരം: എറണാകുളത്ത് കോംഗോയിൽ നിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോംഗോ ഹൈ റിസ്ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇയാൾ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉൾപ്പെടെ പോയിരുന്നു.

പാലക്കാട്: പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നും ആ കാലം കഴിഞ്ഞുവെന്നും വ്യക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത് കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

കൊച്ചി:തുടർച്ചയായ അഞ്ചുവർഷം അവധിയെടുത്ത ശേഷം ജോലിക്ക് തിരികെ കയറിയില്ലെങ്കിൽ എയ്ഡഡ് സ്കൂൾ അധ്യാപകർ ജോലിയിൽനിന്ന് പുറത്താകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.

ന്യൂഡൽഹി:കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

കൊച്ചി∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ. പുനര്‍നിയമനത്തില്‍ ചട്ടലംഘനം ഇല്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ജഡ്ജി അമിത് റാവലിന്റെ കണ്ടെത്തൽ. ഇതിനെതിരെ പരാതിക്കാരായ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്.

നെടുമ്പാശ്ശേരി:മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷാ പാളിച്ചയുണ്ടായതു സംബന്ധിച്ച് അന്വേഷണം.ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. പൈലറ്റ് വാഹനം ശരിയായ വഴിയിലൂടെയല്ല സഞ്ചരിച്ചത്. ഇതുമൂലം മുഖ്യമന്ത്രിയുടെ വാഹനവും വഴി തെറ്റുകയായിരുന്നു.