സ്കൂൾ അസംബ്ലി ന്യൂസ്

December 17, 2021 - By School Pathram Academy

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്.2021 ഡിസംബർ 24 മുതൽ ജനുവരി രണ്ട് വരെയാണ് അവധി.സംസ്ഥാനകത്ത സ്കൂളുകൾ നവംബർ ഒന്നു മുതൽ തുറന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറന്നത്.

 

ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വേഗത്തിൽ പടരുന്നതായി കേന്ദ്രം. രാജ്യത്ത് ഇപ്പോൾ തന്നെ 101 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇപ്പോൾ ലോകത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 2.4 ശതമാനവും ഒമിക്രോൺ ആണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

പാരീസ്: ഈ വർഷം ലോകത്താകെ 488 മാധ്യമപ്രവർത്തകർ ജയിലലടയ്ക്കപ്പെട്ടെന്ന് റിപ്പോർട്ട്. 25 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. അതേസയം 46 മാധ്യമപ്രവർത്തകരാണ് 2021ൽ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരേ ശക്തമായ എതിർപ്പുമായി സി.പി.എം വനിത സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ. ഈ നീക്കം സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി മറിയം ധവളെയും പ്രസിഡന്റ് മാലിനി ഭട്ടാചാര്യയും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തെന്മല: തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. തിരുനെൽവേലി നഗരത്തിലെ സാപ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തിയാണ് തകർന്നുവീണത്. അൻപഴകൻ (14), വിശ്വരഞ്ജൻ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. പത്ത് പേരുടെ പരിശോധനാ ഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 90 ആയി. ഡൽഹിയിൽ മാത്രം ഒമിക്രോൺ ബാധിതർ 20 ആയിട്ടുണ്ട്.

വാഷിങ്ടൺ: കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദം കാരണം അമേരിക്കയിൽ അതിതീവ്ര രോഗവ്യാപനമുണ്ടാകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. തീവ്രരോഗവ്യാപനമുണ്ടായാൽ മരണനിരക്കും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപപനം തടയാൻ ബൂസ്റ്റർ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവർ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസിൽ വൻ തീപ്പിടിത്തം. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

കൂത്തുപറമ്പ്: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യവെ, റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർഥിയുടെ തല അറ്റുപോയ കേസിൽ ബസ് ഡ്രൈവറെ കോടതി ശിക്ഷിച്ചു.മുണ്ടയാംപറമ്പിലെ ഇ.കെ. ജോസഫി(45)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എഫ്. ഷിജു മൂന്നുമാസം തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

കൊച്ചി:തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ആറു മാസത്തിനുള്ളിൽ രാത്രിയിൽ പോസ്റ്റുമോർട്ടം ആരംഭിക്കണമെന്ന് ഹൈക്കോടതി. എല്ലാ സൗകര്യങ്ങളും ഒരുക്കണം. കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റുമോർട്ടം തുടങ്ങണം.

തിരുവനന്തപുരം:മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.