സ്കൂൾ അസംബ്ലി ന്യൂസ്
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.
തിരുവനന്തപുരം ∙ ഒമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നു കേന്ദ്ര സംഘം മുന്നറിയിപ്പു നൽകി. വിവിധ ജില്ലകളിൽ സന്ദർശനം നടത്തിയശേഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സംഘാംഗങ്ങൾ.
ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽതന്നെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും.
പാരിസ്:കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ മിന്നൽവേഗത്തിൽ പടരുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി ജൂൻ കാസ്റ്റെക്സ്. ജനുവരിയോടെ ഫ്രാൻസിൽ ഒമിക്രോൺബാധ മൂർധന്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാർ: മൂന്നാറിൽ തണുപ്പുകാലം ആരംഭിച്ചു. ശനിയാഴ്ച രാവിലെ താപനില എട്ടുമുതൽ അഞ്ച് ഡിഗ്രി വരെയെത്തി. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ മഴമാറിയതോടെയാണ് തണുപ്പ് തുടങ്ങിയത്.
ന്യൂഡൽഹി:സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
ന്യൂഡൽഹി: കേരളത്തിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളുടെ ബയോ മെഡിക്കൽ മാലിന്യം സംസ്കരണം കൊച്ചി അമ്പലമേട്ടിലെ സ്ഥാപനത്തിന് നൽകണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി നിലപാട് ആരാഞ്ഞു. സംസ്ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരോടാണ് സുപ്രീം കോടതി നിലപാട് ആരാഞ്ഞത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ അസോസിയേഷൻ നൽകിയ ഹർജിയിൽ ജനുവരി 24നകം മറുപടിയറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി നഗരപരിധിയിൽനിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.