സ്കൂൾ അസംബ്ലി ന്യൂസ്

December 22, 2021 - By School Pathram Academy

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി. തോമസ് (70) അന്തരിച്ചു. അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.

കൊച്ചി: പിങ്ക് പോലീസ് പെൺകുട്ടിയെ അപമാനിച്ച കേസിൽ ഒന്നരലക്ഷം രൂപ സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി ഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും.

ന്യൂഡൽഹി: രാജ്യത്ത് ഏക വോട്ടർ പട്ടിക നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഓഫീസർമാർ മുഖേന ഏക വോട്ടർപട്ടിക നടപ്പാക്കാനാണ് ശ്രമം. ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടികയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി- മുന്നറിയിപ്പുമായി കേരള പോലീസ് .

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്തെത്തിയ ആറുപേർക്കും തിരുവനന്തപുരത്തെത്തിയ മൂന്നുപേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽനിന്നെത്തിയ 18-ഉം 47-ഉം വയസ്സുള്ള രണ്ടു പേർ, ടാൻസാനിയയിൽനിന്നെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽനിന്നെത്തിയ യുവതി (44), അയർലാൻഡിൽനിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകളിൽ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

 

ന്യൂഡൽഹി: ഒമിക്രോൺ ഭീതി നിലനിൽക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിൻറെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.