സ്കൂൾ അസംബ്ലി ന്യൂസ്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. 9338 ഡോസ് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6868 പേർക്ക് വാക്സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർക്ക് വാക്സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്.
കണ്ണൂർ: ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐക്ക് സസ്പെൻഷൻ. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.
തൃശൂർ:മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർഥം ഗുരുവായൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്.
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തെത്തുടർന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആൺമക്കളായ ധരൺ (10), ധഗൻ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തൂങ്ങിമരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ തീപിടുത്തം. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.