സ്കൂൾ അസംബ്ലി ന്യൂസ്
വിദിഷ (മധ്യപ്രദേശ്): വിദ്യാർഥികളെ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ബജ് രംഗ്ദൾ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡ നഗരത്തിലുള്ള സെന്റ് ജോസഫ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. നൂറുകണക്കിനു പേർ ചേർന്ന് സ്കൂളിന് നേർക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെയാണ് ഒമിക്രോൺ നെഗറ്റീവായത്.
ന്യൂഡൽഹി:അസം കവിയും അക്കാദമിക്കുമായ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. 2020ലെ ജ്ഞാനപീഠപുരസ്കാരമാണ് നീൽമണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസർ പിടിയിൽ. കാസർകോട് ചെങ്കളയിലെ കൃഷി ഓഫീസർ അജി പി.ടി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലൻസിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നാദാപുരം: ഷട്ടിൽ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാവുള്ളപറമ്പത്ത് കെ.പി രതീഷ് (51) ആണ് മരിച്ചത്.
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിയ പ്രതിഷേധം തള്ളിയാണ് സർക്കാർ അന്തിമ ഉത്തരവിറക്കിയത്.
കൊച്ചി: കൊച്ചി മെട്രോയിൽ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയർന്ന യാത്ര വർധനയാണിത്. ശനിയാഴ്ച 50233 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.
മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഐഐടി കാൺപൂരിലെ വിദഗ്ധൻ. മൂന്നാം തരംഗത്തിൽ രാജ്യത്ത് പ്രതിദിനം ഒന്ന് മുതൽ ഒന്നര ലക്ഷംവരെ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടേക്കാം.
വാഷിംഗ്ടൺ: ലോകത്താകമാനമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത് അമേരിക്കയെന്ന് റിപ്പോർട്ടുകൾ. വർധിച്ചു വരുന്ന മാലിന്യപ്രശ്നങ്ങൾക്ക് അറുതി വരുത്താനായി ഫെഡറൽ ഗവൺമെന്റിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. ഏകദേശം 4.2 കോടി (42 മില്ല്യൺ) മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് അമേരിക്കയുടേത് മാത്രമായി 2016 ൽ സംഭാവന ചെയ്യപ്പെട്ടത്. ചൈനയുടെയും യൂറോപ്യൻ യൂണിയനുകളുടെയും ആകെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഇരട്ടിയോളം വരുമിത്. ശരാശരി ഒരു അമേരിക്കൻ പൗരൻ പ്രതിവർഷം 130 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. തൊട്ടു പിന്നാലെ ബ്രിട്ടൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ്.