സ്കൂൾ അസംബ്ലി ന്യൂസ്
പത്തനംതിട്ട : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചയാൾ യുകെയിൽനിന്ന് അബുദാബിയിൽ എത്തിയ ശേഷം ഡിസംബർ ആറാം തീയതിയാണ് കൊച്ചിയിൽ എത്തിയത്. എത്തിയതിന്റെ രണ്ടാം ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
തിരുവനന്തപുരം: നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാർഹികപീഡനം കാരണമെന്ന് പരാതി. നേമം സ്വദേശിയും മുൻ സൈനികനുമായ ബിജുവിന്റെ ഭാര്യ ദിവ്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദിവ്യ ക്രൂരമായ മർദനത്തിനിരായിയിട്ടുണ്ടെന്ന് പ്ലസ് വൺ വിദ്യാർഥിനിയായ മകളും വെളിപ്പെടുത്തി. പൊള്ളലേറ്റിട്ടും ദിവ്യയെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും വൈകിപ്പിച്ചതായും ആരോപണമുണ്ട്.
തിരുവനന്തപുരം: പോത്തൻകോട്ട് യുവാവിനെ കൊന്ന് കാൽ വെട്ടിമാറ്റിയ സംഭവത്തിൽ മൂന്ന് പ്രതികൾ കസ്റ്റഡിയിലായതായി സൂചന. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്(22)മൊട്ട നിധീഷ്(24) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അതിനിടെ, കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും റൂറൽ എസ്.പി. പി.കെ.മധു മാധ്യമങ്ങളോട് പറഞ്ഞു.
യു.എസിൽ വെള്ളിയാഴ്ച രാത്രിയോടെ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ 80 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. തെക്കൻ സംസ്ഥാനമായ കെന്റക്കിയിലാണ് നാശനഷ്ടങ്ങളേറെയും സംഭവിച്ചിരിക്കുന്നത്. കെന്റക്കിയിൽ മാത്രമായി 70ലേറെ മരിച്ചതയാണ് വിവരം.
മറയൂർ: കാബേജിന്റെ വില ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി വർധിച്ചു. കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്നു കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയിൽ നടന്ന ലേലത്തിൽ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വർധിക്കുന്നത്.
ബെംഗളൂരു: വിഴുങ്ങിയ സ്വർണം വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശുവിനെയാണ് സ്വർണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയത്.ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് പശു സ്വർണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വർണം അണിയിച്ചിരുന്നു.