സ്കൂൾ അസംബ്ലി ന്യൂസ്

December 13, 2021 - By School Pathram Academy

ന്യൂഡൽഹി: പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാർഥികൾക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവൻ മാർക്കും നൽകും. ചോദ്യപേപ്പറിൽ നൽകിയിരുന്ന ഖണ്ഡിക മാർഗനിർദേശങ്ങൾ അനുസരിച്ചല്ലെന്നും ഈ ഖണ്ഡികയും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയിൽ അറിയിച്ചു.സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്.

ദുബായ്: 100 ശതമാനം പേപ്പർ രഹിതമായ ലോകത്തെ ആദ്യ സർക്കാരായി ദുബായ് മാറിയതായി കിരീടവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14 ദശലക്ഷം മനുഷ്യ അധ്വാനത്തിന്റെ 14 ദശലക്ഷം മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട: റാന്നിയിൽ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. നീണ്ടൂർ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആൺകുഞ്ഞിനെ ഭിത്തിയിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ: തമിഴ്നാട് ധർമപുരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ റാഗിങ്ങിനിരയായ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കൽ സ്വദേശിയായ രണ്ടാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥിയെ റാഗ് ചെയ്ത നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളേജ് അധികൃതർ അറിയിച്ചു. നാലുപേരും മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്.

തെന്മല: ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ പിടികൂടി. പുതുച്ചേരിയിൽനിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറായ തമിഴ്നാട് നെയ് വേലി സ്വദേശി സുധാകരനെ(25) എക്സൈസ് അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു.

15വർഷത്തെ കാലാവധി അവസാനിച്ചശേഷം പൊളിക്കാനായി ഏറ്റെടുക്കുന്ന വാഹനങ്ങൾക്ക് ന്യായവില നിശ്ചയിക്കാൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. പഴയ വാഹനം ഏറ്റെടുക്കാനായി സംസ്ഥാന ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ച ‘സ്ക്രാപ്പർ’മാർക്കാണ് ന്യായവില നിശ്ചയിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞമാസം 17 മുതൽ ഈമാസം ആദ്യവാരം വരെ 1900 പഴയ വാഹനങ്ങൾ ഡൽഹി ഗതാഗതവകുപ്പും ട്രാഫിക് പോലീസും ചേർന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ജറുസലേം: 2021 ലെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യൻ പെൺകൊടി വിജയകിരീടം അണിഞ്ഞത്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുൻപ് 1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയത്.

ജെനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരും. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും WHO വ്യക്തമാക്കി.