സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി സംബന്ധിച്ച് :

April 27, 2022 - By School Pathram Academy

ഉച്ചഭക്ഷണ പദ്ധതി

മുന്‍ വര്‍ഷങ്ങളിലെ പോലെ 2022-23 വര്‍ഷവും കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് മുന്നോട്ട്കൊണ്ടു പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പന്ത്രണ്ടായിരത്തി മുന്നൂറ്റി ആറ് (12306) സ്പെഷ്യല്‍ സ്കൂളുകള്‍, എം.ജി.എല്‍.സി കള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ ഏകദേശം മുപ്പത് ലക്ഷത്തോളം വരുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര പദ്ധതിയും ഏറെ മികവാര്‍ന്ന രീതിയിലും കാര്യക്ഷമമായും 2022-23 വര്‍ഷം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാര്‍ഷിക സംസ്ക്കാരം ജീവിതത്തിന്‍റെ ഭാഗമാക്കുവാന്‍ കുട്ടികളെ പഠപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്‍റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍ ആരോഗ്യ പരിപാടിയുടെ ഭാഗമായി അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂളുകളിലേയും ഭക്ഷണ, കുടിവെള്ള സാമ്പിളുകള്‍ മൈക്രോബയോളജിക്കല്‍/ കെമിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതാണ്.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ  സഹായത്തോടെ പരിശീലനം നല്‍കുന്നതാണ്.സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, ഉച്ചഭക്ഷണ

പദ്ധതിയുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍, പി.ടി.എ, എസ്.എം.എസ്.സി ഭാരവാഹികള്‍ എന്നിവര്‍ക്കും ജില്ലാ ഉപജില്ലാ തലങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു ചുമതലയുളള  ഉദ്യോഗസ്ഥര്‍ക്കും പദ്ധതി നടത്തിപ്പു സംബന്ധിച്ച് കൃത്യമായ പരിശീലനം നല്‍കുന്നതാണ്.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് രക്ഷകര്‍തൃ സമൂഹത്തിനും വിശിഷ്യ പൊതു സമൂഹത്തിനും മികച്ച അറിവും അവബോധവും ലഭിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുന്നതാണ്.

Category: News