സ്കൂൾ, കോളജ് വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിൽ ആക്കണം
‘സര്‍ക്കാരിനോട് ഒരു അപേക്ഷയുണ്ട്; സ്കൂൾ, കോളജ് വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിൽ ആക്കണം’; കുറിപ്പുമായി നടി രഞ്ജിനി
പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തില്‍ അഞ്ചു വിദ്യാർഥികള്‍ ഉൾപ്പെടെ ഒമ്പതു പേരാണ് മരണപ്പെട്ടത്. തൊട്ടുപിറകെ കർശന നടപടികളുമായി എത്തിയിരിക്കുകയാണ് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടി രഞ്ജിനി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പില്‍ സ്കൂൾ, കോളജ് വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിൽ ആക്കണമെന്നാണ് താരത്തിന്റെ അഭ്യർഥന.
‘എനിക്ക് സര്‍ക്കാരിനോട് ഒരു അപേക്ഷയുണ്ട്. സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദ യാത്രകളും കെഎസ്ആർടിസി ബസുകളില്‍ ആക്കണം. ഇങ്ങനെ ചെയ്യുന്നത് അപകടങ്ങള്‍ ഇല്ലാതാക്കുകയും ഒപ്പം പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും ഇടയാക്കും.
2018 ല്‍ ഉദ്ഘാടനം ചെയ്ത കെടിഡിസിയുടെ ബസ് പദ്ധതിയ്ക്ക് എന്ത് സംഭവിച്ചു?’- താരം ചോദിക്കുന്നു.