സ്‌കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകും

May 12, 2022 - By School Pathram Academy

വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതിനു മുൻപുതന്നെ സ്‌കൂൾ മാന്വലിനും അക്കാദമിക മാസ്റ്റർ പ്ലാനിനും അംഗീകാരം നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാലയങ്ങളുടെ അക്കാദമിക, നോൺ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂൾ മാന്വൽ, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവയുടെ കരട് മാർഗരേഖ അവതരണവും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളുടെ സ്‌കൂൾ പ്രവേശനം മുതലുള്ള ഓരോ കാര്യങ്ങളിലും വ്യക്തമായ മാർഗനിർദേശങ്ങൾ നിലവിൽ വരുമെന്നു മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധികൃതർ, അധ്യാപക – രക്ഷാകർതൃ സമിതി തുടങ്ങി ഓരോ വിഭാഗത്തിന്റെയും ചുമതലകളും പ്രവർത്തനരീതിയുമടങ്ങുന്നതാകും സ്‌കൂൾ മാന്വലും അക്കാദമിക മാസ്റ്റർ പ്ലാനും.

വിദ്യാഭ്യാസ രംഗത്തെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏകോപനം സാധ്യമാക്കുന്നതിനും കൃത്യമായ പ്രവർത്തനരേഖ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിനും കഴിയും. പുതുതായി 10 ലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയതു നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂൾ മാന്വൽ പൊതുവിദ്യാഭ്യാസ വകുപ്പും അക്കാദമിക മാസ്റ്റർ പ്ലാൻ എസ്.സി.ഇ.ആർ.ടിയുമാണു തയാറാക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ്, അഡിഷണൽ ഡയറക്ടർ ജനറൽ സി.എ. സന്തോഷ്, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Category: News