സ്കൂൾ സമയ മാറ്റം :- അതിരാവിലെ പഠനം തുടങ്ങുന്നത് മലയോര മേഖലയിലും ഗതാഗതപ്രശ്നങ്ങളും മറ്റും അലട്ടുന്ന ഉൾനാടൻ പ്രദേശങ്ങളിലും പ്രായോഗികമാണോ ?
സമയമാറ്റം പ്രായോഗികമോ?
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയതിന്റെ സാഹചര്യത്തിൽക്കൂടിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.
സ്വാഭാവികമായും അതിലെ നിർദേശങ്ങൾ ഈ റിപ്പോർട്ടിനെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാതെവയ്യ.
സ്കൂളിലെ പഠനസമയം ഉച്ചവരെ മതിയെന്ന് സമിതി ശുപാർശചെയ്തിട്ടുള്ളത് ഈ അനുഭവങ്ങൾ ഉൾക്കൊണ്ടാണ്. ‘കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപാഠ്യപദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്കൂൾ സമയം 7.30-നും 8.30-നും ഇടയിലാണ് ആരംഭിക്കുന്നത്.
അക്കാദമിക കാരണങ്ങളിലാണ് ഈ സമയം പാലിക്കുന്നത്. ഒന്നുമുതൽ നാലുവരെ ലോവർ പ്രൈമറി തലത്തിൽ പഠനസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാവുന്നതാണ്. അഞ്ചുമുതൽ 12-ാം ക്ലാസ്വരെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന ലക്ഷ്യങ്ങൾ നേടാനുതകുന്ന, പ്രധാനമായും പാഠപുസ്തകത്തിൽ നിർദേശിച്ചിരിക്കുന്ന പഠനവസ്തുതകൾ സ്വാംശീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾകാലത്ത് എട്ടുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള സമയം വിനിയോഗിക്കാം.’ -റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഭൂമിശാസ്ത്രപരമായി സങ്കീർണമായ പ്രദേശങ്ങളും മതപഠനവുമൊക്കെ ഇതു പ്രായോഗികമായി നിറവേറ്റാനുള്ള തടസ്സങ്ങളായി ഇതിനകംതന്നെ ഉയർന്നുവന്നിട്ടുണ്ട്.
അതിരാവിലെ പഠനം തുടങ്ങുന്നത് മലയോര മേഖലയിലും ഗതാഗതപ്രശ്നങ്ങളും മറ്റും അലട്ടുന്ന ഉൾനാടൻ പ്രദേശങ്ങളിലുമൊന്നും പ്രായോഗികമല്ല.
എങ്കിൽ കുട്ടികളെത്തന്നെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് ഈ പരിഷ്കാരം മാറും. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന അധ്യാപകരെയും അതു ബാധിക്കും. എന്നാൽ, പ്രാദേശികവും സാമൂഹികമായി ഉയർന്നുവരാനിടയുള്ള പ്രശ്നങ്ങളിൽ ചർച്ചകൾ നടത്തി പരിഹാരമുണ്ടാക്കി മാത്രമേ ഇങ്ങനെയൊരു സമയമാറ്റം നടപ്പാക്കേണ്ടതുള്ളൂവെന്നാണ് ഇതിനൊക്കെ വിദഗ്ധസമിതിയുടെ ഉത്തരം.
മറ്റൊന്ന്, കേരളം കൂടുതൽ നഗരകേന്ദ്രിത സ്വഭാവത്തിലേക്കു മാറുന്നതിനാൽ ഉച്ചയ്ക്കു പഠനം കഴിഞ്ഞുവരുന്ന കുട്ടികൾ വീട്ടിൽ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന ആശങ്കയാണ്. അതെങ്ങനെ മാറ്റിയെടുക്കാനാവുമെന്നതിന് ഭാഗികമായ ഉത്തരമേ റിപ്പോർട്ടിലുള്ളൂ.
സമയമാറ്റം നടപ്പാക്കുമ്പോൾ തൊഴിൽചെയ്യുന്ന അച്ഛനമ്മമാരുടെ പ്രശ്നംകൂടി പരിഗണിക്കണമെന്നാണ് നിർദേശം. ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾക്ക് അവർ തൊഴിലിനുപോകുന്നതുമുതൽ തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി കുട്ടികളെ സംരക്ഷിക്കാനുള്ള സംവിധാനംകൂടി സാമൂഹികമായി വികസിപ്പിക്കണം. ഇത് സ്കൂളിൽ തൊഴിൽ ചെയ്യുന്നവരുടെമാത്രം ഉത്തരവാദിത്വമാക്കരുതെന്നും നിർദേശിച്ചു.
എന്നാൽ, അങ്കണവാടികൾ അടക്കമുള്ള പ്രീസ്കൂളുകൾക്കു മാത്രമായി നിർദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ശുപാർശ. മറ്റു ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ, മറ്റു ക്ലാസുകളിൽ പഠനസമയം മാത്രമേ ഉച്ചവരെ ആക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് സമിതി.
തൊഴിൽ വിദ്യാഭ്യാസം (വർക്ക് എജ്യുക്കേഷൻ), അന്വേഷണ പ്രവർത്തനങ്ങൾ, ലൈബ്രറിവിനിയോഗം, ലാബ് വിനിയോഗം, ചില വിഷയമേഖലകളിൽ കൂടുതൽ ആഴത്തിൽ അറിയാനും കുട്ടികൾക്ക് താത്പര്യത്തിനനുസൃതമായി അനുഭവങ്ങളിൽ ഏർപ്പെടാനുള്ള സമയമായി ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണി വരെയുള്ള സമയത്തെ പ്രയോജനപ്പെടുത്താം. കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാകണമെന്നും പറയുന്നു.
അതേസമയം, നിർദേശിക്കപ്പെട്ട സമയമാറ്റം കേരളത്തിലെ ന്യൂനപക്ഷവിദ്യാർഥികൾ അഭിമുഖീകരിക്കുന്ന മദ്രസ പഠനത്തെ ബാധിക്കുമെന്ന ആശങ്കയ്ക്ക് വ്യക്തമായ മറുപടിയില്ല.
കുട്ടികളുടെ സകലമാന കഴിവുകളെയും അഭിമുഖീകരിക്കേണ്ടി വരുന്ന രണ്ടാംതലമുറ വിദ്യാഭ്യാസപ്രശ്നങ്ങൾ പരിഗണിക്കുകയാണെങ്കിൽ പഠനസമയത്തെക്കുറിച്ച് പുതിയ ആലോചനകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇങ്ങനെ, വലിയൊരു സാമൂഹികചർച്ചയ്ക്കു തുറന്നിട്ടിരിക്കുകയാണ് സ്കൂളിലെ സമയമാറ്റം.