സ്കോളർഷിപ്പ് തുക ലഭിക്കുവാൻ പ്രൊഫൈൽ വെരിഫിക്കേഷൻ നിർബന്ധം…

February 09, 2022 - By School Pathram Academy

സ്കോളർഷിപ്പ് തുക ലഭിക്കുവാൻ പ്രൊഫൈൽ വെരിഫിക്കേഷൻ നിർബന്ധം……

അവസാന തിയതി -28.2.2022

 

2021-22 അദ്ധ്യയന വർഷം മുതൽ ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പുതുക്കിയ കേന്ദ്ര മാർഗനിർദ്ദേശ പ്രകാരമാണ് നടപ്പിലാക്കുന്നത്. ഇതനുസരിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖേന സ്കോളർഷിപ്പ് തുക ലഭിക്കുന്നതിന് വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ സ്ഥാപനങ്ങൾ / ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവ മുഖേനയുള്ള വെരിഫിക്കേഷൻ ജനുവരി 31 നു മുമ്പായി നടത്തുവാൻ നിർദേശിച്ചിരുന്നു.

 

വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ഡേറ്റാ മാത്രമേ നാഷണൽ പോർട്ടലിലേക്ക് ഷെയർ ചെയ്യാൻ കഴിയുകയുള്ളൂ. ആയതിനാൽ വെരിഫിക്കേഷൻ ചെയ്യാത്ത വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുവാൻ കഴിയാത്ത അവസ്ഥ സംജാതമാകും.

 

ആയതിനാൽ അർഹരായ എല്ലാ വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ ആനുകൂല്യം എത്തി ചേരേണ്ടതുണ്ട് എന്ന ലക്ഷ്യത്തോടെ ഇ ഗ്രാന്റ്സ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 28 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

 

മാർച്ച് ആദ്യവാരം തന്നെ എല്ലാ ഡേറ്റയും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലേക്ക് കൈമാറ്റം ചെയ്യുമെന്നതിനാൽ ഫെബ്രുവരി 28 നു മുമ്പായി പ്രൊഫൈൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ സ്കോളർഷിപ്പ് ലഭിക്കാത്തതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വിദ്യാർഥികൾക്ക് / സ്ഥാപനങ്ങൾക്ക് ആയിരിക്കും.

 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും സ്ഥാപനത്തിലുള്ള എല്ലാ പട്ടികജാതി വിഭാഗം വിദ്യാർഥികളുടെയും പ്രൊഫൈൽ വെരിഫിക്കേഷൻ സമയബന്ധിതമായി പൂർത്തിയാക്കി എന്ന് ഉറപ്പാക്കുകയും വേണം.