സ്കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂൺ 25 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ജൂലൈ 24 വരെയും, 60 രൂപ പിഴയോടെ ജൂലൈ 31 വരെയും ഫീസടച്ച് www.scolekerala.org മുഖേനെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫീസ് വിവരങ്ങൾക്കും, രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾക്കും പ്രോസ്പെക്ടസിനും സ്കോൾ-കേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ അയയ്ക്കണം. ജില്ലാക്രേന്ദങ്ങളുടെ മേൽ വിലാസം സ്കോൾ- കേരള വെബ്സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക് : 0471-2342950, 2342271, 2342369.