സ്ക്കൂളുകൾ കേന്ദ്രീകരിച്ച് പുതിയ സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കാനുള്ള നടപടി തുടങ്ങി.

May 31, 2023 - By School Pathram Academy

സ്ക്കൂളിലേക്ക്

പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ ആശംസകളോടൊപ്പം കരുതലോടെ എറണാകുളം റൂറൽ ജില്ലാ പോലീസ്.

 

സ്ക്കൂളുകൾ കേന്ദ്രീകരിച്ച് പുതിയ സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കാനുള്ള നടപടി തുടങ്ങി. സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷയൊരുക്കുക, മയക്കു മരുന്ന് പദാർത്ഥങ്ങൾ, അശ്ലീല പ്രസിദ്ധീകരണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, ലഹരിപാനീയങ്ങൾ, പാൻമസാല തുടങ്ങിയവയുടെ വിൽപ്പന ഉപയോഗം എന്നിവസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. സ്ക്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് സ്കൂളിൽ നിന്ന് പോകുന്ന വിദ്യാർത്ഥികളെക്കുറിച്ചും, ക്ലാസുകൾ അവസാനിച്ച ശേഷം വീടുകളിൽ പോകാതെ നടക്കുന്ന വിദ്യാർത്ഥികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക, ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിക്കുക, അവരെ നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവർത്തനങ്ങൾക്ക് വിനയോഗിക്കുന്നുണ്ടോ എന്നും നിരീക്ഷിച്ച് അധികാരികളെ അറിയിക്കുക, സ്ക്കൂൾ പ്രവർത്തിക്കാത്ത സമയത്ത് സ്ക്കൂൾ പരിസരത്തുള്ള അപരിചിതരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് എസ്.പി.ജി ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ.

 

സ്ഥാപനത്തിന്റെ തലവൻ അല്ലെങ്കിൽ പി.ടി.എ പ്രസിഡന്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ, പോലീസ് ഉദ്യോഗസ്ഥൻ, വാർഡ് മെമ്പർ അല്ലെങ്കിൽ കൗൺസിലർ , സ്ക്കൂൾ ലീഡർ, മാതാപിതാക്കൾ, രണ്ട് അധ്യാപകർ, വ്യാപാരി, ഓട്ടോ ഡ്രൈവർ, ജാഗ്രതാ സമിതിയുടേയോ എസ്.പി.സി യുടേയോ പ്രതിനിധി, പ്രദേശത്തെ മറ്റ് മാന്യ വ്യക്തിത്വങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.

 

എം.വി.ഡിയുമായ് ചേർന്ന് പോലീസ് സ്ക്കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയാക്കി. വിദ്യാർത്ഥികളെ കൊണ്ടുവരുന്ന മറ്റ് വാഹനങ്ങളുടെ ചെക്കിംഗ് ഉടനെ ആരംഭിക്കും. സ്ക്കൂൾ ഡ്രൈവർമാരുടെയും , കുട്ടികളെ എത്തിക്കുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ തയ്യാറാക്കി സ്‌റ്റേഷനിൽ സൂക്ഷിക്കും. ലഹരി വസ്തുവിൽപ്പനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പി.ടി.എ യുമായി ചേർന്ന് പോലീസ് സ്ക്കൂൾ പരിസരം വൃത്തിയാക്കി വരുന്നു. കൂടുതൽ തിരക്കുള്ള സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയോഗിക്കും.

 #newacademicyear #schoolopening #student #schoolholidays #police #Ernakulamruralpolice

Category: News