സ്ത്രീയാത്രക്കാർക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്
സ്ത്രീയാത്രക്കാർക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്
ചെന്നൈ: സ്ത്രീയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്നാട് സർക്കാർ മോട്ടോർവാഹനനിയമം ഭേദഗതിചെയ്തു. സ്ത്രീയാത്രക്കാർക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്.
ബസിൽ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പർശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ഇവയും കുറ്റമാണ്.
അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പു നൽകിയിട്ടും ഇത്തരം പ്രവൃത്തികൾ തുടരുന്നവർക്കെതിരേയാണ് നടപടിയെടുക്കുക.
ബസിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന ഭാവേന സ്ത്രീയാത്രക്കാരുടെ ദേഹത്ത് സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരേയും നടപടിയുണ്ടാവുമെന്ന് 1989-ലെ മോട്ടോർവാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയാത്രക്കാരോട് കണ്ടക്ടർമാർ അനാവശ്യചോദ്യങ്ങൾ ചോദിക്കാൻ പാടില്ല.
യാത്രക്കാർക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണം. ആവശ്യംവരുമ്പോൾ ഇത് പോലീസിനോ മോട്ടോർവാഹനവകുപ്പിനോ പരിശോധനയ്ക്ക് നൽകണം.