സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി. സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ …..

December 13, 2021 - By School Pathram Academy

ന്യൂഡൽഹി: വിവാദ ചോദ്യവുമായി സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പർ. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്.

സത്രീ – പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ – പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ – പുരുഷ തുല്യതയാണ്.

ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആകണം. അങ്ങനെ ആയിരുന്നപ്പോൾ ഭാര്യയ്ക്ക് കുട്ടികളിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. രക്ഷിതാക്കളിൽ ചുമതലക്കാരൻ ഭർത്താവ് എന്നാണ് പഴയ കാഴ്ചപ്പാട്. അക്കാലത്ത് ഭർത്താവിന്റെ നിഴലിൽ നിന്ന് തന്റെ കുട്ടികളിൽ ആധിപത്യം സ്ഥാപിക്കാൻ അവൾ ഒരുക്കമായിരുന്നു. അതിനാൽ തന്നെ അച്ഛന്റെ ആജ്ഞ വിഷയമാക്കിയാണ് ഭാര്യ കുട്ടികളെ നിലക്ക് നിർത്തിയിരുന്നത്. എന്നാൽ 20ാം നൂറ്റാണ്ടിൽ സ്ത്രീപക്ഷവാദം കൂടിയതോടെ കുടുംബത്തിൽ അച്ചടക്കത്തിന് പ്രാധാന്യമില്ലാതെ ആയി. അച്ഛന്റെ വാക്ക് പവിത്രമെന്ന ചിന്ത മാറി. സ്ത്രീ – പുരുഷ തുല്യത നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം.