സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് പോഷകാഹാര പദ്ധതി തുടങ്ങി
സെറിബ്രൽ പാൾസി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കായിപോഷകാഹാര പദ്ധതി തുടങ്ങി. പദ്ധതിക്കായി ആരംഭിച്ച പ്രത്യേക ന്യൂട്രീഷ്യസ് കിച്ചണിൻ്റെ ഉദ്ഘാടനം ഉന്നതവിദ്യഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു. പോഷകാഹാര പദ്ധതി സംസ്ഥാനത്ത് വിപുലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ലോക സെറിബ്രൽ പാൾസി ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 45 ലക്ഷം രൂപ ചെലവഴിച്ചാണ് പോഷകാഹാര പദ്ധതി ആരംഭിച്ചത്. ഒരു കോടി ചെലവഴിച്ച് തയാറാക്കിയ പരിശീലനാർത്ഥികൾക്കുള്ള താമസസൗകര്യവും നിപ്മറിന് സമർപ്പിച്ചു. ചടങ്ങിൽ മികവു തെളിയിച്ചവരെ ആദരിച്ചു.
ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമപഞ്ചായത്തംഗം മേരി ഐസക് ആശംസ അർപ്പിച്ചു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു സ്വാഗതവും ഫിസിയാട്രിസ്റ്റ് ഡോ: ടി വി നീന നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും ഭിന്നശേഷി വിദഗ്ധർക്കുള്ള സാങ്കേതിക സെമിനാറും നടന്നു.