സ്റ്റാഫ് മീറ്റിങ്ങിനിടെ അധ്യാപകരെ മർദിച്ച സംഭവം; അധ്യാപികയുടെ ഭർത്താവ് ഷാജിക്കെതിരെയാണ് കേസെടുത്തത്

November 15, 2023 - By School Pathram Academy

കോഴിക്കോട്: സ്റ്റാഫ് മീറ്റിങ്ങിനിടെ അധ്യാപകരെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ നേതാവ് ഷാജിക്കെതിരെയാണ് കേസെടുത്തത്.

കോഴിക്കോട് എരവന്നൂർ സ്കൂളിലെ അധ്യാപികയായ സുപ്രീനയുടെ ഭർത്താവാണ് ഷാജി. ഇയാൾ സ്കൂളിലെത്തി അധ്യാപകരെ ആക്രമിച്ചു എന്ന പരിക്കേറ്റ അധ്യാപകരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

ഇന്നലെയാണ് എരവന്നൂർ എയുപി സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘട്ടനം ഉണ്ടായത്. സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ സംഘട്ടനത്തിൽ ഏഴുപേർക്കാണ് പരിക്കേറ്റത്. സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗ് കൂടുന്നതിനിടെയായിരുന്നു സംഘട്ടനം.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഒരു വിദ്യാർത്ഥിയെ സ്‌കൂളിലെ അധ്യാപികയായ സുപ്രീന മർദിച്ചു എന്നാരോപണമുണ്ടായിരുന്നു. ഇതിൽ അന്വേഷണം പൂർത്തിയാക്കി നടപടിയിലേക്ക് നീങ്ങവെ സ്കൂളിലെ മറ്റൊരു അധ്യാപകനെതിരെ സമാനമായ രീതിയിൽ പൊലീസിന്‍റെ എമർജൻസി നമ്പറായ 112ലേക്ക് വിളിച്ച് പരാതി നൽകിയിരുന്നു.

ഇത് വ്യാജ പരാതിയാണെന്ന നിഗമനത്തിൽ വിശദീകരണം ചോദിക്കാൻ ചേർന്ന സ്റ്റാഫ് കൌൺസിൽ യോഗമാണ് വാക്കേറ്റത്തിലും കയ്യേറ്റത്തിലും അവസാനിച്ചത്. അധ്യാപകന്‍റെ മേലുള്ള ആരോപണത്തിൽ കുട്ടിയുടെ രക്ഷിതാവിന് പരാതിയില്ലെന്ന് പറഞ്ഞിട്ടും അധ്യാപിക വ്യാജ പരാതി നൽകിയെന്നാണ് അധ്യാപകർ പറയുന്നത്. സംഘട്ടനത്തിൽ ഇരു ഭാഗത്തു നിന്നുമുള്ള ഏഴു പേർക്കാണ് പരിക്കേറ്റത്.

Category: News