ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു

February 04, 2022 - By School Pathram Academy

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു

 

സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്‍ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ മാന്വല്‍ പരിഷ്ക്കരിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട് 17.08.2018 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പരിഷ്കരണ നടപടികള്‍ ആരംഭിച്ചു എങ്കിലും കോവിഡ് മഹാമാരി മൂലം നടപടികള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടായി. എങ്കിലും മീറ്റിംഗുകള്‍ നിരന്തരം ഓണ്‍ലൈനായി സംഘടിപ്പിച്ച് പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കി 16.08.21 ന് മാന്വല്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അത്തരത്തില്‍ പരിഷ്കരിക്കപ്പെട്ട മാന്വലില്‍ വീണ്ടും ചില പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂര്‍ണമാക്കി 18.01.2022 ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അംഗീകാരം നല്‍കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്.