ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ – മൂന്നാം എഡിഷന്‍ ഡിസംബര്‍ മുതല്‍. ഈ വ‍ർഷം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനങ്ങൾ

October 11, 2022 - By School Pathram Academy

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ –

മൂന്നാം എഡിഷന്‍ ഡിസംബര്‍ മുതല്‍* – മന്ത്രി വി ശിവന്‍കുട്ടി …….

 

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്‍ ഡിസംബർ മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാന്‍ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രസ്താവിച്ചു.

2010 ലേയും 2017ലേയും എഡിഷനുകള്‍ക്ക് ശേഷം 2020 ലെ കോവിഡ് കാലം മുതലുള്ള സ്കൂളുകളുടെ പ്രവർത്തന മികവാണ് മൂന്നാം എഡിഷന് പരിഗണിക്കുക. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്ന സ്കൂളുകളില്‍ നിന്നും തെരഞ്ഞെെടുക്കുന്ന 150 സ്കൂളുകളാണ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുക. അപേക്ഷയോടൊപ്പം സ്കൂളുകള്‍ അവർ നടത്തിയ പ്രവർത്തനങ്ങളുടെ മൂന്നു മിനിറ്റില്‍ താഴെ ദൈർഘ്യമുള്ള വീഡിയോയും പ്രസന്റേഷനും നല്‍കണം.

 

ഈ വ‍ർഷം 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍. അവസാന റൗണ്ടിലെത്തുന്ന സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. ആദ്യ റൗണ്ടിലെ സ്കൂളുകള്‍ക്ക് 15000/- രൂപ വീതം നല്‍കും. എല്‍.പി മുതല്‍ ഹയർസെക്കന്ററി വരെയുള്ള സ്കൂളുകള്‍ക്ക് പൊതുവായാണ് മത്സരം.

 

സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങള്‍, അടിസ്ഥാന സൗകര്യം, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റല്‍ വിദ്യാഭ്യാസം, കോവിഡ്കാല പ്രവ‍ർത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കേണ്ട വിശദാംശങ്ങള്‍ ഒക്ടോബർ മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്നും അതിനായി സ്കൂളുകള്‍ക്ക് തയ്യാറെടുപ്പ് നടത്താവുന്നതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.

 

കെ. അന്‍വര്‍ സാദത്ത്

സി.ഇ.ഒ, കൈറ്റ് വിക്ടേഴ്സ്

#harithavidhyalayam

Category: News