ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കും

November 30, 2023 - By School Pathram Academy

തിരുവനന്തപുരം:ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപകതസ്തിക സൃഷ്ടിക്കും. മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ താത്കാലിക തസ്തിക സൃഷ്ടിച്ച് ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും.

ഹൈസ്കൂളുകളിൽ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ എച്ച്.എസ്.എ. (ഇംഗ്ലീഷ്) അധികതസ്തികകൾ സൃഷ്ടിക്കണമെന്ന് രണ്ടുവർഷംമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്.

സോഷ്യൽ സ്റ്റഡീസ് അടക്കം മറ്റ് വിഷയങ്ങളിലെ അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ നിയോഗിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മറ്റുവിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നതുകാരണം വിദ്യാർഥികൾക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂർ, പത്തനംതിട്ട സ്വദേശികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കേരള വിദ്യാഭ്യസ ചട്ടഭേദഗതി അനുസരിച്ച് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കേണ്ടത് ആ വിഷയം ഐച്ഛികമായി പഠിച്ചവർതന്നെയാകണം. പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ വിദ്യാർഥികളുടെ നിലവാരക്കുറവാണ് ചട്ടഭേദഗതിക്ക്‌ കാരണമായി പറഞ്ഞിരുന്നത്.

2002-03 അധ്യയനവർഷം മുതൽ ഘട്ടംഘട്ടമായി എച്ച്.എസ്.എ. ഇംഗ്ലീഷ് തസ്തിക അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടി 2002-ൽ സർക്കാർ ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ, സർക്കാർതന്നെ ഇതിൽനിന്നെല്ലാം പിന്നാക്കംപോയതാണ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്.

ഹൈസ്കൂളിൽ അഞ്ച് ഡിവിഷനിൽ താഴെയാണെങ്കിൽ ഇംഗ്ലീഷിന് പ്രത്യേകം അധ്യാപകർ വേണ്ടെന്നായിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്. ഇത് കോടതി തള്ളിക്കളയുകയായിരുന്നു.

കോടതിവിധി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് 639 തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം. പെൻഷൻമൂലം ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലായിരിക്കും ഇംഗ്ലീഷ് അധ്യാപകരുടെ സ്ഥിരംതസ്തിക സൃഷ്ടിക്കപ്പെടുക.

ഉത്തരവ്

സംസ്ഥാനത്തെ സർക്കാർ / എയ്‌ഡഡ്‌ ഹൈസ്ക്കൂളുകളിൽ കെ.ഇ.ആർ അധ്യായം XXIII ചട്ടം 6 (1) പ്രകാരം ഇംഗ്ലീഷിനെ ഒരു ഭാഷാ വിഷയമായി പരിഗണിച്ച് മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന അതേ രീതിയിൽ പിരീഡ് അടിസ്ഥാനത്തിൽ തസ്തികകൾ 2021-22 അക്കാദമിക വർഷം മുതൽ അനുവദിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് ബഹു. കേരള ഹൈക്കോടതി റിട്ട് പെറ്റീഷൻ 23159/2018 ന്മേൽ 10.08.2021 ന് പരാമർശം (2) പ്രകാരം വിധിന്യായം പുറപ്പെടുവിച്ചു.

2. നിലവിൽ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തെ കോർ വിഷയത്തിൻ്റെ ഭാഗമായി കണക്കാക്കികൊണ്ടു, പരാമർശം (1) ഉത്തരവിൽ ഉള്ളടക്കം ചെയ്തിട്ടുള്ള തസ്തിക വിതരണ പട്ടികയുടെയും, അതാത് കോർ വിഷയങ്ങൾക്ക് ലഭ്യമായിട്ടുള്ള ഡിവിഷനുകളുടെയും അടിസ്ഥാനത്തിലാണ് തസ്തികകൾ അനുവദിക്കുന്നത്. 25.10.2021 തീയതിയിൽ

ബഹു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തിക അനുവദിക്കാവുന്നതാണ് എന്ന് തത്വത്തിൽ തീരുമാനിക്കുകയും സ്കൂൾ ഏകീകരണത്തിൻ്റെ ഭാഗമായി വന്നേക്കാവുന്ന എച്ച്.എസ്.എസ്.റ്റി ഇംഗ്ളീഷ് അധിക തസ്തികകൾ മാറ്റം വരുത്തി എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തിക സൃഷ്ടിക്കുവാൻ കഴിയുമോ എന്നതിൻ്റെ സാധ്യത കൂടി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകുകയും ചെയ്തു.ഖാദർ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ള ഘടന പ്രകാരം വകുപ്പിന്റെ ഏകോപനം സംബന്ധിച്ച സ്പെഷ്യൽ റൂൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ആയതു പൂർത്തിയായാൽ മാത്രമേ തസ്തികകളുടെ വിന്യാസം സംബന്ധിച്ച് വ്യക്തത കൈവരുകയുള്ളൂ.

3. ബഹു.കോടതി വിധി സമയബന്ധിതമായി നടപ്പിലാക്കാത്തതിനാൽ ഹർജിക്കാരൻ കോടതി അലക്ഷ്യ നടപടികൾ ഫയൽ ചെയ്തു. ബഹു.കോടതി വിധി നടപ്പാക്കുന്നതിനായി പരാമർശം (3), ( 4 ) പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതിയും, ഇംഗ്ലീഷ് തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുന്നതിന് വേണ്ടി ഒരു പഠന സമിതിയും രൂപീകരിക്കുകയും പഠന സമിതി 26.10.2022 തീയതിയിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. 2022-2023 അധ്യയന വർഷത്തെ തസ്തിക നിർണയത്തിൻ്റെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത് ഹൈസ്കൂൾ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മാത്രമല്ല മറ്റെല്ലാ കോർ വിഷയങ്ങൾക്കും (ഫിസിക്കൽ സയൻസ്, നാച്ച്വറൽ സയൻസ്, ഗണിതം, സോഷ്യൽ സയൻസ്) അവയ്ക്ക് ഓരോന്നിനും ലഭ്യമായ പീരിഡുകളുടെ അടിസ്ഥാനത്തിൽ തന്നെ തസ്തികകൾ അനുവദിക്കണം എന്നതാണ് സമിതിയുടെ പ്രധാന ശിപാർശ.

4. കോടതി അലക്ഷ്യ നടപടികൾ ഒഴിവാക്കുന്നതിനായി തസ്തിക നിർണ്ണയം നടത്തുമ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 3. 4 ഡിവിഷനുകൾ മാത്രമുള്ള സർക്കാർ, എയ്ഡഡ് ഹൈസ്ക്കൂളുകളിൽ എച്ച്.എസ്.എ (ഇംഗ്ലീഷ്) അധ്യാപകനെ/ അധ്യാപികയെ ദിനവേതന വ്യവസ്ഥയിൽ 2022-2023 അധ്യയന വർഷത്തേക്ക് മാത്രം നിയമിക്കാൻ പരാമർശം (5) ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകിയിരുന്നു. തസ്തിക നഷ്ടപ്പെടുന്ന എച്ച്.എസ്.എ (ഇംഗ്ലീഷ്) അധ്യാപകരുള്ളപ്പോൾ അതേ സ്കൂളുകളിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്ന അസാധാരണ സാഹചര്യം ഒഴിവാക്കുന്നതിന്, കോടതി വിധികൾക്കു അനുസൃതമായി, തസ്തികയില്ലാതെ പുറത്തായ ഇംഗ്ലീഷ് അധ്യാപകരെ (Protected Retrenched) അതാതു സ്കൂളുകളിൽ നിലനിർത്തിയ ശേഷം അവശേഷിക്കുന്ന സ്കൂളുകളിൽ ഉത്തരവ് പ്രകാരം ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചാൽ മതിയാകും എന്ന് നിർദേശം നൽകിയിട്ടുണ്ട്. കോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിച്ചുകൊണ്ട് കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിച്ചെങ്കിലും, 10.08.2021 തിയ്യതിയിലെ വിധിന്യായം നടപ്പാക്കാത്തതിനാൽ കോടതി അലക്ഷ്യ നടപടികൾ പുനരാരംഭിച്ചു.

5. ബഹു. ഹൈക്കോടതിയുടെ നിർദേശാനുസരണം എച്ച്.എസ്.റ്റി ഇംഗ്ലീഷ് തസ്തികകൾ പിരിഡ് അടിസ്ഥാനത്തിൽ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ, എൽ.പി, യു.പി വിഭാഗത്തിൽ 2023-2024 അധ്യയന വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിനും, ഹൈസ്കൂൾ വിഭാഗത്തിൽ മേൽ വിഷയത്തിലെ അന്തിമ തീരുമാനത്തിന് അനുസൃതമായി പുനർനിർണയം ചെയ്യുമെന്ന വ്യവസ്ഥയോടെ തസ്തിക നിർണ്ണയം പ്രൊവിഷണലായി നടത്തുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു നിർദ്ദേശം നൽകിയിരുന്നു.

6. ബഹു.കോടതിവിധികളുടെയും,പഠന സമിതിയുടെ റിപ്പോർട്ടിന്റെയും, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തിൻ്റെയും അടിസ്ഥാനത്തിൽ സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. ബഹു.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തിക അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.എന്നാൽ ഖാദർ കമ്മിറ്റി മുന്നോട്ടുവച്ചിട്ടുള്ള ഘടന പ്രകാരം വകുപ്പിൻ്റെ ഏകോപനം സംബന്ധിച്ച സ്പെഷ്യൽ റൂൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായാൽ മാത്രമേ തസ്തികകളുടെ വിന്യാസം സംബന്ധിച്ചും സൃഷ്ടിക്കേണ്ട തസ്തികകളുടെ എണ്ണം സംബന്ധിച്ചും വ്യക്തത കൈവരുകയുള്ളൂ. ആകയാൽ ബഹു കേരള ഹൈക്കോടതി റിട്ട് പെറ്റീഷൻ 23159/2018 ന്മേൽ 10.08.2021 ന് പുറപ്പെടുവിച്ച വിധിന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി, ആദ്യ ഘട്ടം എന്ന നിലയ്ക്ക് 639 താൽ കാലിക HSA (English) തസ്തികകൾ 3, 4 ഡിവിഷനുകൾ ഉള്ള സർക്കാർ/എയ്‌ഡഡ് ഹൈസ്കൂളുകളിൽ സൃഷ്ടിച്ച് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ധനകാര്യവകുപ്പ് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരുടെ സേവനവേതന വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത തസ്തികകളിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരുടെ സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കേണ്ടത്.

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More