കുടുംബശ്രീയുടെ ‘അമ്മ കരുതല്‍’ എല്ലാ സ്‌കൂളുകളിലും

സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീയുടെ ‘അമ്മ കരുതല്‍’ എല്ലാ സ്‌കൂളുകളിലും
സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായി വരുന്ന സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെയെല്ലാം ലഭ്യമാക്കുന്നതിന് കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്‌കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ആരംഭിക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകളില്‍ മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിക്കുകയും മികച്ച അഭിപ്രായം നേടിയെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മാ കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്. ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലും മാ കെയര്‍ പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലാണ് മാ കെയര്‍ കിയോസ്‌കുകള്‍ തുടങ്ങുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ്സ് മുറികളിലും മാ കെയര്‍ ആരംഭിക്കാനാകും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്‌കുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാകും. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വരുമാനം നേടാനുള്ള അവസരവും ഈ കിയോസ്‌കുകള്‍ ആരംഭിക്കുന്നതോടെ ലഭിക്കുന്നു. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്‌റ്റേഷനറി ഉത്പന്നങ്ങളും സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്‌കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്‌കൂള്‍ സമയത്ത് ഈ ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്‌കൂളിന് പുറത്ത് പോകുന്നത് ഒഴിവാക്കാനാകും. കൂടാതെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍ നിന്നും, ലഹരി ഉപയോഗത്തില്‍ നിന്നും അവരെ തടയാനും കഴിയും.
കിയോസ്‌കുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് അതിനായുള്ള പരിശീലനവും നല്‍കുന്നു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സാമ്പത്തിക സഹായവും ‘മാ കെയര്‍’ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലഭിക്കും.
ഇടുക്കിയില്‍ പാമ്പാടുംപാറ സി.ഡി.എസിന് കീഴില്‍ മുണ്ടിയെരുമ കല്ലാറിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘മാ കെയര്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയില്‍ കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ജില്ലാതല ഉദ്ഘാടനം. മലപ്പുറം ജില്ലയില്‍ മങ്കട ബ്ലോക്കിലെ പള്ളിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലും മാ കെയര്‍ കിയോസ്‌കുകള്‍ ആരംഭിച്ചു കഴിഞ്ഞു.