കുട്ടികൾക്ക് പത്രവായനയോട് താല്പര്യമുണ്ടാകണമെങ്കിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഒരുക്കേണ്ടത് എന്ന് അധ്യാപകരും രക്ഷിതാക്കളും അറിയേണ്ടതുണ്ട് …..

April 04, 2025 - By School Pathram Academy

കുട്ടികൾക്ക് പത്രവായനയോട് താല്പര്യമുണ്ടാകണമെങ്കിൽ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഒരുക്കേണ്ടത് എന്ന് അധ്യാപകരും രക്ഷിതാക്കളും അറിയേണ്ടതുണ്ട്. നിർബന്ധപൂർവ്വമുള്ള ചില പ്രവർത്തനങ്ങൾ കുട്ടികളെ അടിച്ചേല്പിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുക…

വായന മെച്ചപ്പെടാൻ , ഭാഷാശേഷി വളരാൻ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് പത്ര വായനയും അനുബന്ധ പ്രവർത്തനങ്ങളും എന്ന ബോധം കുട്ടികളിൽ വളർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് പത്ര വിശേഷങ്ങളിലേക്ക് കുട്ടികളെ അടുപ്പിക്കുകയാണ് പ്രധാനം……

കുട്ടികളിൽ പത്രവായനശീലം വളർത്താൻ താല്പര്യമുള്ള രക്ഷിതാക്കൾക്കും അധ്യാപകർക്കും തുടർന്ന് വായിക്കാം.

പത്രവായന വളർത്തുന്നതിന് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ അനുഗുണമായ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്… വിദ്യാലയത്തിൽ സ്വതന്ത്രവായനയ്ക്ക് അനുയോജ്യമായ ഒരിടം ഒരുക്കണം. അതിൻ്റെ ഒരു ഭാഗത്ത് പത്രങ്ങൾ പ്രദർശിപ്പിക്കാനും പത്ര വാർത്തകൾ ശേഖരിച്ച് സൂക്ഷിക്കാനും സംവിധാനം ഉണ്ടാവണം. പത്ര വാർത്തകൾ , വിശേഷങ്ങൾ , പ്രത്യേക പതിപ്പുകൾ എന്നിവ സ്ഥിരമായി പ്രദർശിപ്പിക്കുന്നതിന് ഒരു ബോർഡ് ക്രമീകരിക്കണം. മാത്രമല്ല ദിവസവുമുള്ള പത്രങ്ങൾ സൂക്ഷിക്കാൻ പത്ര റാക്ക് സജ്ജീകരിക്കണം.

പത്ര കട്ടിംഗുകൾ ഒട്ടിച്ചു സൂക്ഷിക്കുന്നതിനുള്ള നിരന്തരം വളരുന്ന പതിപ്പുകൾ ക്രമീകരിക്കണം.

ഇവയെല്ലാം ദൈനംദിനം ചലിപ്പിക്കുന്നതിനുള്ള ചുമതല കുട്ടികളുടെ നേതൃത്വത്തിലുള്ള വായനക്കൂട്ടങ്ങൾക്കാണ് നൽകേണ്ടത്. ഒരേ പത്രത്തിൻ്റെ നിരവധി കോപ്പികൾ , വിവിധ പത്രങ്ങൾ എന്നിവയൊക്കെ കുട്ടികൾക്ക് സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കിയാൽ മാത്രമേ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകാൻ കഴിയൂ….

പത്രങ്ങളുമായി ബന്ധപ്പെട്ട വായന , ലേഖന പ്രവർത്തനങ്ങൾ

1.പത്രക്വിസ്

പല തരത്തിൽ ഈ പരിപാടി സംഘടിപ്പിക്കാം. പത്രങ്ങൾ വായിച്ച് കുട്ടികൾ കണ്ടെത്തുന്ന വാർത്തകൾ കുട്ടികൾ പ്രത്യേക ബോർഡിൽ രേഖപ്പെടുത്തണം. മാത്രമല്ല പത്രങ്ങളുടെ പ്രത്യേക പതിപ്പുകൾ അതിനായി ക്രമീകരിച്ച ബോർഡിൽ പ്രദർശിപ്പിക്കണം. അസംബ്ലിയിൽ സ്ഥിരമായി പത്രവാർത്തകൾ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കണം . പത്രവാർത്തകൾ ദിനവും എഴുതി സൂക്ഷിക്കുന്നതിന് ഓരോ കുട്ടിയും പത്രവാർത്ത ഡയറി സൂക്ഷിക്കണം. ഇവയിൽ നിന്നാവണം പത്രക്വിസിനുള്ള ചോദ്യങ്ങൾ കണ്ടെത്തേണ്ടത്

2.പത്രവാർത്ത – സംവാദങ്ങൾ

വിദ്യാഭ്യാസവും പഠനവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും പത്രങ്ങളുടെ ഭാഗമാണ് ‘ ഇവ കേന്ദ്രീകരിച്ച് സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കാം

3. ഒരേ വാർത്ത വിവിധ പത്രങ്ങളിൽ

ഒരേ വാർത്ത വ്യത്യസ്ത പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. തലക്കെട്ടും റിപ്പോർട്ടുമൊക്കെ വ്യത്യസ്തമായിരിക്കും. ഇവ വായിച്ച് ചർച്ച ചെയ്ത് അവതരിപ്പിക്കുന്നതിന് കുട്ടികൾക്ക് അവസരം നൽകാം..

4. എത്ര തരം വാർത്തകൾ ?

ഏതെല്ലാം തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ? പ്രാദേശിക / ജില്ല / സംസ്ഥാന പേജുകൾ എന്നിങ്ങനെ വേർതിരിവുണ്ടോ ? വ്യത്യസ്ത ദിനങ്ങളിലെ പത്രങ്ങൾക്ക് സവിശേഷതകൾ ഉണ്ടോ ? എന്നിവയൊക്കെ കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകാം.

5. വാർത്തകൾ വായന

പത്രങ്ങളിലെ വാർത്തകൾ വായന പ്രവർത്തനങ്ങൾക്കായി ക്ലാസ് മുറിയിൽ പ്രയോജനപ്പെടുത്താം. പൂരിപ്പിച്ചു വായന , ഒഴിവാക്കി വായന , പിന്തുടർന്ന് വായന , സംഘ വായന, അതിവേഗ വായന …… എന്നിങ്ങനെയുള്ള സാധ്യതകളാണ് പരിഗണിക്കേണ്ടത്. ഒരേ പത്രത്തിൻ്റെ നിരവധി കോപ്പികൾ ലഭ്യമാക്കിയോ , ഈ വായനയുടെ സാധ്യത പരിഗണിച്ചോ , ഫോട്ടോ കോപ്പിയെടുത്തോ ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കാം..

6. വാർത്തകൾ മാറ്റിയെഴുതൽ

പത്രങ്ങളിലെ വാർത്തകൾ , വാർത്താവതരണത്തിനും ( റേഡിയോ / TV വാർത്ത ) മറ്റും കഴിയുന്ന തരത്തിൽ മാറ്റിയെഴുതാൻ അവസരം നൽകാം. അതുപോലെ വാർത്തകളിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ മറ്റ് ഭാഷാ രൂപങ്ങളിലേക്ക് മാറ്റുന്നതിനും അവസരം നൽകാം.

7. വാർത്തകൾ ചിത്രങ്ങളിലൂടെ

പത്രങ്ങളിലെ ചിത്രങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് പതിപ്പുകൾ സൃഷ്ടിക്കാൻ അവസരം നൽകാം. ചിത്രങ്ങൾക്കൊപ്പം അടിക്കുറിപ്പും ഉണ്ടാവാം . അവയ്ക്ക് അനുബന്ധമായി പ്രത്യേക തലക്കെട്ടുകൾ , വിശദീകരണ കുറിപ്പുകൾ എന്നിവ കൂടി എഴുതി ചേർക്കാൻ നിർദ്ദേശിക്കാം.

ഉദാ:.. അടുത്ത കാലത്ത് വൈറലായ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട വാർത്തകളുടെ ചിത്രങ്ങൾ ചുമർ പത്രമാക്കി മാറ്റുന്ന പ്രവർത്തനം..

ഇങ്ങനെ തയ്യാറാക്കുന്നതിന് ലേ ഔട്ട് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കേണ്ടതുണ്ട്.

8. വാർത്തകളുമായി ബന്ധപ്പെട്ട ടൈം ലൈൻ തയ്യാറാക്കൽ

ഒരേ വിഷയവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും നിരവധി ദിവസങ്ങളിൽ പത്രങ്ങൾ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന സ്ഥിതിയുണ്ട്. അത്തരം വാർത്തകളുടെ തലക്കെട്ടും ചുരുക്കവും തിയതിയും ചേർത്ത് ടൈം ലൈൻ തയ്യാറാക്കാം…

വാർത്തകൾ തയ്യാറാക്കുന്നത് ഒരു ഒരു സർഗാത്മക പ്രവർത്തനമാണ് . ഉയർന്ന ഭാഷാശേഷി ഇതിന് അനിവാര്യമാണ്. പത്രവായനയോട് താല്പര്യമുണ്ടാക്കുന്നതിന് പത്രവാർത്തകൾ തയ്യാറാക്കുന്നതടക്കമുള്ള ചില സ്വതന്ത്ര ലേഖന പ്രവർത്തനങ്ങളും കൂട്ടുകാർക്കായി ഒരുക്കണം

9. പാഠപുസ്തക അറിവുകൾ വാർത്തകളാക്കി മാറ്റൽ

ഇതിന് കഴിയണമെങ്കിൽ വാർത്തകളുടെ ഭാഷാരൂപത്തെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകണം. ആദ്യഘട്ടത്തിൽ അധ്യാപികയും കുട്ടികളും ചേർന്ന് വാർത്തകൾ തയ്യാറാക്കണം. ടീച്ചർ തയ്യാറാക്കിയ വാർത്തകൾ പരിചയപ്പെടാനും ചർച്ച ചെയ്യാനും അവസരം ലഭിക്കണം.

10 . കുട്ടികൾ – പ്രാദേശിക റിപ്പോർട്ടർമാർ

കുട്ടികൾ പ്രാദേശികമായി വാർത്തകൾ ശേഖരിക്കാൻ അവസരം നൽകണം. സ്കൂൾ വിശേഷങ്ങളും ചടങ്ങുകളും പ്രാദേശിക സംഭവങ്ങളും ആഘോഷങ്ങളും കുട്ടികൾക്ക് വാർത്തയാക്കാം. ഇവയെല്ലാം ചേർത്ത് സ്കൂൾ പത്രവും തയ്യാറാക്കാം…

11. തലക്കെട്ടിൽ നിന്നും വാർത്തകൾ തയ്യാറാക്കൽ

തലക്കെട്ടുകൾ നൽകി ആവശ്യമായ ആശയം നിറയ്ക്കൽ ചർച്ചയ്ക്ക് ശേഷം വാർത്തകൾ തയ്യാറാക്കാൻ അവസരം നൽകാം. ഇത് ഏറ്റവും ഉയർന്ന ഭാഷാശേഷിയാണ്.

12. വാർത്തകൾക്ക് തലക്കെട്ട് കണ്ടെത്തൽ

വിവിധ തരത്തിലുള്ള വാർത്തകൾ കൂട്ടുകാരെ പരിചയപ്പെടുത്തി അനുയോജ്യമായ തലക്കെട്ട് നിർദ്ദേശിക്കാൻ കുട്ടികൾക്ക് അവസരം നൽകാം. തലക്കെട്ടുകളുടെ അവതരണവും ചർച്ചയും സംഘടിപ്പിക്കണം.

13. പത്രവാർത്ത – ആൽബങ്ങളും ശേഖരങ്ങളും

ഓരോ വർഷവും കുട്ടികൾക്ക് പത്രവാർത്തകളുമായി ബന്ധപ്പെട്ട ആൽബങ്ങളും ശേഖരങ്ങളും നിർമ്മിക്കാൻ അവസരം നൽകണം . അവയ്ക്ക് അനുയോജ്യമായ പേരുകൾ നൽകാനും അറിവ് നിർമ്മാണത്തിനുള്ള വൈജ്ഞാനിക വാർത്തകൾക്ക് പ്രാധാന്യം നൽകാനും അവസരം നൽകാം. ഉയർന്ന ക്ലാസുകളിൽ പഠനത്തിനുള്ള റിസോഴ്സ് മെറ്റീരിയലായി ഇന് ഉപയോഗിക്കാൻ കഴിയും…

ഓർക്കേണ്ടത്….

വൈവിധ്യവും നിരന്തരവുമായ പ്രവർത്തനങ്ങളാണ് കുട്ടികളിൽ പത്ര വാർത്തകളിലും പത്രവായനയിലും താല്പര്യം വളർത്തുക ‘ ക്ലാസ്തല പഠന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുന്നതും തുടർച്ചയായതുമായ പ്രവർത്തനങ്ങളാണ് അഭികാമ്യം.

ഭാഷയോട് ഇഷ്ടം കൂടാൻ , വൈവിധ്യമാർന്ന പത്ര വാർത്തകളുടെ ഭാഷാഭംഗി ആസ്വദിക്കാൻ കുട്ടികളെ പത്രങ്ങളോട് അടുപ്പിക്കുക തന്നെ വേണം. എഡിറ്റോറിയൽ അടക്കമുള്ള വാർത്താ വിഭാഗങ്ങളും പ്രത്യേകതകളും കുട്ടികൾ തിരിച്ചറിയണം. അതിന് പ്രവർത്തനങ്ങളുടെ നൈരന്തര്യം ഉറപ്പാക്കണം.

പത്രവിശേഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ച ശ്രീമതി സോന ടീച്ചർക്ക് നന്ദി…

തയ്യാറാക്കിയത്

പ്രംജിത്ത് മാഷ്

റിട്ടയർ ഹെഡ്മാസ്റ്റർ

Recent

Load More