ലൈംഗികാതിക്രമം തുറന്നുപറയാൻ കുട്ടികൾ മടിക്കുന്നു: ജില്ലാ കളക്ടർ

കുട്ടികൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ ഈ പ്രസ്താവന
ലൈംഗികാതിക്രമം തുറന്നുപറയാൻ കുട്ടികൾ മടിക്കുന്നു: തിരുവനന്തപുരം ജില്ലാ കളക്ടർ
കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന പല കേസുകളും ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ തുറന്നുപറയാൻ കുട്ടികൾ മടിക്കുകയാണെന്നും ജില്ലാ കളക്ടർ അനു കുമാരി .തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രൊജക്ട് എക്സ് മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വീടുകളിലെ മോശം സഹചര്യങ്ങൾ കുട്ടികളെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസത്തെ വൈമുഖ്യത്തോടെയാണ് എല്ലാവരും സമീപിക്കുന്നതെന്നും ലൈംഗികത സംബന്ധിച്ച കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും മടികാണിക്കുകയാണെന്നും സബ് കളക്ടർ ആൽഫ്രഡ് ഒ.വി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 എൽ.പി/യു.പി സ്കൂളുകളിലെ പ്രധാന അധ്യാപകരാണ് സംവാദത്തിൽ പങ്കെടുത്തത്. പോലീസ് ഉദ്യോഗസ്ഥർ, കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവിടങ്ങളിലെ പ്രതിനിധികളാണ് ഓറിയന്റേഷൻ നൽകിയത്. ഏപ്രിൽ 4, 7 തീയതികളിലും സംവാദ പരിപാടി തുടരും.
തിരുവനന്തപുരം ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു ഗൈഡ് ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൊജക്റ്റ് എക്സ്.