10ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ . കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു

April 21, 2022 - By School Pathram Academy

10ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയിൽ .

കോഴിക്കോട്: പയ്യോളിയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അയനിക്കാട് പുത്തന്‍പുരയില്‍ പി ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15)യാണ് മരിച്ചത്. 10ാം ക്ലാസ് പരീക്ഷയെഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ വസ്ത്രം മാറാന്‍ മുകളിലേക്ക് കയറിയതാണ്.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തത് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു.

ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മൃതദേഹമുള്ളത്. കുട്ടിക്ക് കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്‌സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. നഴ്‌സിങ് വിദ്യാര്‍ഥിനിയായ അനഘ സഹോദരിയാണ്. സംഭവത്തില്‍ പയ്യോളി പോലിസ് കേസെടുത്തു.

Category: News