10,12 ക്ലാസ്സ് പൊതു പരീക്ഷയിൽ മോഡറേഷൻ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കി. ഗ്രേസ് മാർക്ക് തിയറി മാർക്കിനോടൊപ്പം ചേർക്കുന്ന രീതി മാറ്റി ഗ്രേസ് മാർക്ക് പ്രത്യേകമായി കാണിക്കണം :ഹൈക്കോടതി ഉത്തരവ്
മോഡറേഷൻ അവസാനിപ്പിക്കുവാനും ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തുവാനും ഡിവിഷൻ ബഞ്ച് ഉത്തരവായി.
കഴിഞ്ഞ ദിവസം WA No 1677/2019 റിട്ട് അപ്പീലിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇനി മുതൽ കേരള സിലബസ്സിൽ10,12 ക്ലാസ്സ് പൊതു പരീക്ഷയിൽ മോഡറേഷൻ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കിയതോടൊപ്പം ഗ്രേസ് മാർക്ക് തിയറി മാർക്കിനോടൊപ്പം ചേർക്കുന്ന രീതി മാറ്റി ഗ്രേസ് മാർക്ക് പ്രത്യേകമായി കാണിക്കണം. ഇനി മുതൽ 90 % ത്തിലധികം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കില്ല.
കഴിഞ്ഞ കുറെ വർഷങ്ങളായി കേരള സിലബസിൽ ക്രമാതീതമായി ഗ്രേസ് മാർക്കും മോഡറേഷനും നൽകി വന്നിരുന്നു. ഇക്കാരണത്താൽ അവഗണിക്കപ്പെടുന്ന മിടുക്കരായ വിദ്യാർത്ഥികൾ 2013 മുതൽ വിവിധ റിട്ട് ഹർജികളിലൂടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇത് സംബന്ധിച്ച് ധാരാളം പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിൽ 2017 ൽ കേന്ദ്ര സർക്കാർ സംസ്ഥാന വിദ്യാഭാസ സെക്രട്ടറിമാരുടെയും ബോർഡ്ചെയർമാൻമാരുടെയും സംയുക്ത യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യുകയുണ്ടായി. മോഡറേഷൻ പൂർണ്ണമായും ഒഴിവാക്കുവാനും ഗ്രേസ് മാർക്ക് മറ്റ് മാർക്കിൽ നിന്നും വേർപെടുത്തി പ്രത്യേകം മാർക്ക് ഷീറ്റിൽ രേഖപ്പെടുത്തുവാനും തീരുമാനിച്ചു. ഇത് കേരളത്തിൽ 2018 മുതൽ നടപ്പാക്കാമെന്ന് കേരളം കേന്ദ്രത്തിന് ഉറപ്പ് നൽകി.
എന്നാൽ2018 ൽ ഈ തീരുമാനം നടപ്പാക്കാത്തതിനെതിരെ WPC No 28559/2018 റിട്ട് ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ വരികയും മോഡറേഷൻ പൂർണ്ണമായും ഒഴിവാക്കാൻ സിംഗിൾ ബഞ്ച് 08-07-2019 ന് ഉത്തരവിട്ടു. എന്നാൽ പ്രസ്തുത ഉത്തരവിൽ ഗ്രേസ് മാർക്ക് സംബന്ധിച്ച് വ്യക്തതയില്ലായെന്ന് ആരോപിച്ച് സമർപ്പിച്ച WA No 1677/2019 റിട്ട് അപ്പീലിലാണ് ഡിവിഷൻ ബഞ്ച് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവിലൂടെ സംസ്ഥാനത്തെ മിടുക്കരായ വിദ്യാർത്ഥികളുടെ തുടർ പഠന പ്രവേശനത്തെ സാരമായി ബാധിച്ചിരുന്ന പ്രതിസന്ധിക്ക് പരിഹാരമായിരുക്കുകയാണ്.
* ഇനി മുതൽ സംസ്ഥാന സിലബസ്സിൽ മോഡറേഷൻ പൂർണ്ണമായും ഒഴിവാക്കണം.
*90 ശതമാനത്തിലാധികം(A+) മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കില്ല.
* ഗ്രേസ് മാർക്ക് പഠന വിഷയത്തിന്റെ മാർക്കിനോടോഷം ചേർക്കുന്ന രീതി അവസാനിപ്പിച്ച് ഗ്രേസ് മാർക്ക് പ്രത്യകമായി രേഖപ്പെടുത്തും