12 അധ്യാപകർക്ക് അച്ചടക്ക നടപടികളുടെ ഭാഗമായി മെമ്മോ നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

May 02, 2022 - By School Pathram Academy

തിരുവനന്തപുരം: പ്ലസ്‌ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചിക അട്ടിമറിച്ചെന്നാരോപിച്ച് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ പ്രവർത്തനമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി.

വിദ്യാർത്ഥികളുടെ ഭാവിക്കപ്പുറം അവരെ മറയാക്കി നിർത്തിക്കൊണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനമാണ് ഇക്കൂട്ടർ ചെയ്യുന്നത്.

ഹയർ സെക്കണ്ടറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകർ മാത്രമാണ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായേ കാണാൻ കഴിയൂ .

സോഷ്യൽ മീഡിയ കൂട്ടായ്മയിൽപ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പി ക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉത്തര സൂചിക അന്തിമമാക്കാൻ നിയോഗിക്കപ്പെട്ട 12 അധ്യാപകർക്ക് അച്ചടക്ക നടപടികളുടെ ഭാഗമായി മെമ്മോ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘മൂല്യനിർണയം തുടങ്ങിയ ഏപ്രിൽ 28 മുതൽ മൂന്നു ദിവസമായി പരീക്ഷാ ജോലിയിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരുടെയും രേഖാമൂലമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഒരു അറിയിപ്പ് നൽകിയിട്ടുണ്ട് .

അറിയിപ്പിൽ പരീക്ഷാ ജോലിയിൽ നിന്ന് അധ്യാപകർ വിട്ടുനിൽക്കാൻ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ പരീക്ഷാ ബോർഡ് സെക്രട്ടറി മൂല്യനിർണയ പ്രവർത്തനങ്ങൾ നിർബന്ധമാണെന്നും അതിൽ പങ്കെടുക്കാതിരുന്നത് കോടതി അലക്ഷ്യം ആണെന്നുമുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കുലർ ഏപ്രിൽ പുറപ്പെടുവിച്ചു. കോടതി ഉത്തരവ് നിലവിലിരിക്കെ ബഹിഷ്‌കരണം നടക്കുമ്പോൾ എന്ത് കൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യം ഉയരും‘- മന്ത്രി പറഞ്ഞു.

കെമിസ്ട്രി ഉത്തര സൂചിക പുനഃപരിശോധിച്ച് തയ്യാറാക്കി നൽകുന്നതിനായി സർക്കാർ 15 അധ്യാപകരെ നിയോഗിച്ച് ഉത്തരവായിട്ടുണ്ടെന്നും പുതുക്കിയ ഉത്തരസൂചിക പ്രകാരം മെയ് നാലിന് മൂല്യനിർണയം പുന:രാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനകം മൂല്യനിർണയം നടന്ന ഉത്തരക്കടലാസുകൾ ഒന്നുകൂടി പരിശോധിക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയമാണ് ഉള്ളതെന്നും അത് കൊണ്ട് തന്നെ വിദ്യാർത്ഥിക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തങ്ങളുടെ പ്രസക്തി നഷ്ട്‌പ്പെടുമെന്ന് ഭയക്കുന്ന ചിലർ അസ്വസ്ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പരീക്ഷാ സംബന്ധിയായി ഉണ്ടായിട്ടുള്ള വ്യാജ പ്രചരണങ്ങൾ ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Category: News